പാറശാല: രാജ്യത്തുടനീളം നടക്കുന്ന കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി ആദ്യ ഘട്ട വിതരണത്തിനായുള്ള വാക്സിൻ പാറശാല താലൂക്ക് ആശുപത്രിയിലും എത്തിച്ചേർന്നു. വാക്സിൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു, ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ ചേർന്ന് വാക്സിൻ അടങ്ങുന്ന പേടകം ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണകൃഷ്‍ണൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ എന്നിവർക്ക് കൈമാറി. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ കേൾക്കർ, ഡി.എം.ഒ ഡോ. ഷിനു, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ 10.30 ന് പ്രധാനമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ വാക്സിൻ വിതരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നതോടെ ആദ്യ ഘട്ടമായി ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. ഒരു ദിവസം 100 പേർക്ക് എന്ന നിലയിൽ പ്രോട്ടോകോൾ പാലിച്ചും വാക്സിൻ വിതരണത്തിനായി അത്യാഹിത മെഡിക്കൽ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.