dr-sahadulla

തിരുവനന്തപുരം:ആരോഗ്യ മേഖലയിൽ നാലായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പ്രഖ്യാപിച്ചത് ഈ മേഖലയ്ക്ക് പ്രയോജനം ചെയ്യുമെന്ന് കിംസ്‌ ഹെൽത്ത് ഇന്ത്യ ഗൾഫ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ സഹദുള്ള പറഞ്ഞു.

മെഡിക്കൽ കോളജുകളുടെ നിലവാരം ഉയർത്താൻ 120 കോടി വകയിരുത്തിയത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മേൻമ വർദ്ധിപ്പിക്കാൻ സഹായിക്കും. ഉച്ചയ്ക്കുശേഷമുള്ള ഒ.പി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ലാബ് സൗകര്യങ്ങൾ എന്നീ പ്രഖ്യാപനങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടും. റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ നൽകുമെന്ന് പ്രഖ്യാപിച്ചത് മികച്ച ജീവൻ രക്ഷാ നടപടിയാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇന്ന് തീർത്തും അപര്യാപ്തമായ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ പോന്നതാണ് 500 പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ്പുകൾ.

ഏറെക്കാലമായി കാത്തിരിക്കുന്നതാണ് വയോജന പരിരക്ഷയ്ക്കുവേണ്ടി 30 കോടി രൂപ നീക്കിവച്ച പ്രഖ്യാപനം. മുതിർന്ന പൗരൻമാർക്ക് വീടുകളിൽ മരുന്ന് എത്തിക്കാനുള്ള കാരുണ്യ ഹോം പദ്ധതി ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.