theef

കഴക്കൂട്ടം: തമിഴ്നാട്ടിൽ താമസിക്കുന്ന പ്രവാസിയായ സഹോദരിയുടെ വീട് കുത്തിത്തുറന്ന് 57 പവൻ മോഷ്ടിച്ച കേസിൽ കണിയാപുരം ചിറ്റാറ്റുമുക്ക്, സ്വദേശി ഷാഹീദിനെ (50) തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്‌തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രവാസിയായിരുന്ന ഷാഹീദിന്റെ കുടുംബം തമിഴ്നാട്ടിലാണ് താമസം. ഗൾഫിൽ ജോലി ഇല്ലാതായതോടെ കുറച്ചുമാസമായി കണിയാപുരത്തെ ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന ഷാഹീദ് ചിറ്റാറ്റുമുക്കിനു സമീപം പച്ചക്കറിക്കട നടത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് പോയ ഇയാൾ അവിടെ പൂട്ടിക്കിടന്ന സഹോദരിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു. മോഷണശേഷം സ്വന്തം മൊബൈൽ ഫോൺ മറന്നുപോയതാണ് ഷാഹീദിനെ കുടുക്കിയത്. ബാങ്കിൽ നിന്നെടുത്ത വായ്പാ തുക ഉടനെ തിരിച്ചെടുക്കണമെന്ന സന്ദേശം ഫോണിൽ വന്നതിനെത്തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഫോണിന്റെ ഉടമയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദ് വഴി ഗൾഫിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് ഷാഹീദ് അറസ്റ്റിലായത്. കഠിനംകുളം പൊലീസിന്റെ സഹായത്തോടെ മോഷ്ടിച്ച സ്വർണത്തിൽ 52 പവൻ ചിറ്റാറ്റുമുക്കിലെ വീട്ടിൽ നിന്നും തമിഴ്നാട് പൊലീസ് കണ്ടെത്തി.