തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കർശനമായി നടപ്പാക്കുമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വ്യക്തമാക്കി. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോൾഡ് ചെയിൻ,ബയോമെഡിക്കൽ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വാക്‌സിനേഷനു ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഉപയോഗിക്കാൻ ആംബുലൻസ് അടക്കമുള്ള മുൻകരുതലുകളുമെടുത്തിട്ടുണ്ട്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ സ്ഥലം,കാത്തിരിപ്പ് കേന്ദ്രം,കുത്തിവയ്പ് മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ ടീമിലെ അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താവും ഒഴികെ ആരെയും പ്രവേശിപ്പിക്കില്ല.
ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടത്തുന്ന സ്ഥലത്ത് ഉൾപ്പെടെ ഫോട്ടോ,വീഡിയോഗ്രഫി മൊബൈൽ ഫോണിൽ പോലും എടുക്കാൻ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.