എപ്പോഴും ജോലിയിൽ മുഴുകിയിരിക്കുന്ന, അല്ലെങ്കിൽ അമിതമായി ജോലിയിൽ നിർബന്ധിതമായി മുഴുകിയിരിക്കേണ്ടിവരുന്ന ' വർക്കഹോളിക് ' ആയിട്ടുള്ളവരെ വിഷാദവും ഉറക്ക പ്രശ്നങ്ങളും പിന്തുടർന്നേക്കാമെന്ന് പഠനം. ദ ഇന്റർനാഷണൽ ജേണൽ ഒഫ് എൻവയോൺമെന്റ് റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
നിർബന്ധിതമായോ അല്ലെങ്കിൽ അനിയന്ത്രിതമായോ ഇടവിടാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ' വർക്കഹോളിക് ' ആയിട്ടുള്ളവരിൽ സാധാരണ ജോലിക്കാരിൽ നിന്ന് വ്യത്യസ്തമായി വിഷാദത്തിന് ഇരട്ടി സാദ്ധ്യതയും ഉറക്കക്കുറവും ഉള്ളതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര ആവശ്യങ്ങളോട് കൂടിയ അല്ലെങ്കിൽ, ഗൗരവമായ ഭാരത്തോടുള്ള ജോലികൾ ചെയ്യുന്നവരിൽ ജോലിയ്ക്ക് അടിമപ്പെട്ട് പോകാനുള്ള സാദ്ധ്യത അഞ്ചിരട്ടിയാണെന്ന് 187 ഫ്രഞ്ച് ഉദ്യോഗസ്ഥരെ പഠനവിധേയമാക്കിയത് വഴി മനസിലായതായി ഗവേഷകർ പറയുന്നു.
സാധാരണ ജോലിക്കാരെ അപേക്ഷിച്ച് ഇത്തരക്കാർ ആഴ്ചയിൽ ശരാശരി ഏഴ് മണിക്കൂറെങ്കിലും അധികം ജോലി ചെയ്യുന്നു. ഈ സവിശേഷത കാരണം, ആവശ്യമില്ലാത്തതോ അപ്രതീക്ഷിതമായതോ ആയ ജോലി സംബന്ധമായ അമിത ഇടപെടലുകൾ ഇവരെ തേടിയെത്തുന്നു. വളരെ ഉയർന്ന അളവിൽ ജോലി ചെയ്യുന്നവരിൽ വിഷാദത്തിനുള്ള സാദ്ധ്യത ഇരട്ടിയാണ്. അതേ സമയം, വർക്കഹോളികും എന്നാൽ ലോ റിസ്ക് വിഭാഗത്തിൽപ്പെടുന്നവരുമായവർക്ക് അമിത ഉത്കണ്ഠയ്ക്കാണ് സാദ്ധ്യത കൂടുതൽ. അമിതമായി ജോലി ചെയ്യുന്നവരിൽ ഉറക്കത്തിന്റെ നില വളരെ മോശമായിരിക്കും.
ലാപ്ടോപ്പുകൾക്കും കംമ്പ്യൂട്ടറുകൾക്കും മുന്നിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ഇവയുടെ സ്ക്രീൻ ടൈം അതിരുകടക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മറ്റു വേറെയും. ചിലർ സ്വമേധയാ ജോലിയോട് അമിത ആസക്തി പ്രകടമാക്കുമ്പോൾ ചിലയിടങ്ങളിൽ ജോലിക്കാരിൽ അമിത സമ്മർദ്ദം ചെലുത്തി അവരിൽ എടുത്താൽ പൊങ്ങാത്ത ജോലി ഭാരം കുത്തി നിറയ്ക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരത്തിൽ ജോലിക്കാർക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും പഠന റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ കൊവിഡിന് മുമ്പ് ചെയ്തിരുന്നതിനേക്കാൾ ശരാശരി 48.5 മിനിറ്റ് അധിക ജോലിയാണ് പലരും ചെയ്യുന്നതെന്നാണ് നിഗമനം. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് മിനിറ്റുകൾക്ക് പകരം മണിക്കൂറുകളായും കണ്ടു വരുന്നുണ്ട്. ചിലരിൽ ഇത് ഗുരുതര മാനസിക - ശാരീരിക പ്രശ്നങ്ങൾക്ക് വഴിതെളിക്കാമെന്നും ജോലി സമയം പരിധി കടക്കുന്നത് ഒരാളുടെ മാനസിക ആരോഗ്യം മോശമാകാൻ ഇടയാക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.