paliative

കാഞ്ഞങ്ങാട്: ജില്ലയിൽ 13 വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 12 സ്ഥാപനങ്ങളിലും ലിംഫെഡിമ ക്ലിനിക്കുകളും ജില്ലാ ആശുപത്രിയിൽ കൊളോസ്റ്റമി ക്ലിനിക്കും ഉണ്ട്. 7 സ്ഥാപനങ്ങളിൽ മോർഫിൻ ലൈസൻസും ലഭ്യമായിട്ടുണ്ട്. വിദഗ്ദ്ധ പാലിയേറ്റീവ് കെയർ പരിചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഫിസിയോതെറാപ്പിസ്റ്റുമാരുടെ ഹോംകെയർ സേവനങ്ങളും ഒ.പി. സേവനങ്ങളും ലഭ്യമാണ്. പ്രൈമറി തല സ്ഥാപനങ്ങളിൽ 650 ഹോംകെയറുകളിലായി എല്ലാമാസവും 6800 ഓളം രോഗികൾക്ക് പരിചരണം നൽകുന്നു.

രജിസ്റ്റർ ചെയ്ത രോഗങ്ങളിൽ 3459 കാൻസർ രോഗികളും 602 ഡയാലിസിസ് ചെയ്യുന്ന ആളുകളും, ഒരു ഭാഗം തളർന്ന 1,686 രോഗികളും അരക്കു താഴെ തളർന്ന 226 ആളുകളും, മൂത്രത്തിനു ട്യൂബ് ഇട്ട 432 ആളുകളും, മുറിവുകളുടെ പരിചരണം ആവശ്യമുള്ള 293 പേരും ഉൾപ്പെടും. കൊവിഡ് പടർന്നു പിടിച്ചപ്പോഴും ഹോംകെയർ പ്രവർത്തനങ്ങൾ ജില്ലയിൽ സാധാരണ പോലെ നടന്നിരുന്നു. പാലിയേറ്റീവ് കെയർ ജീവനക്കാരുടെ കൂടെ പ്രവർത്തിക്കാൻ ജനപ്രതിനിധികളും ഫീൽഡ് വിഭാഗം ജീവനക്കാരും ആശ വർക്കർമാരും വോളണ്ടിയർമാരും ഉണ്ട്.

''കൂടെ നിൽക്കാം താങ്ങും തണലുമായി'' എന്ന സന്ദേശം വിളിച്ചോതിക്കൊണ്ടാണ് ഇപ്രാവശ്യത്തെ വാരാചരണം ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 40 രോഗികൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ഹോം കെയർ നടത്തി വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് സ്വാഗതം പറഞ്ഞു. അവശ്യസാധന വിതരണം എസ്‌.ഐ. കെ.കെ. രേഷ്മ നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, കൗൺസിലർ എം. ബൽരാജ്, സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, ഡോ. അഹമ്മദ്, ഡോ. രാജു മാത്യു സിറിയക്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.