kollam-chira

കൊയിലാണ്ടി: ബജറ്റിൽ കൊയിലാണ്ടിയുടെ വികസനത്തിനായി 139.10 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിൽ കൊല്ലം ചിറ രണ്ടാം ഘട്ട സൗന്ദര്യ പ്രവൃത്തിക്കായി 4 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതി പൂർത്തിയാകുമ്പോൾ ചിറ കൊയിലാണ്ടിയുടെ തിലകക്കുറിയായി മാറും. വിശ്രമത്തിനും പ്രഭാത സായാഹ്ന സവാരിക്കും അനുഗുണമായ രീതിയിൽ സൗന്ദര്യവത്ക്കരിക്കാനാണ് തുക വിനിയോഗിക്കുക. പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിനായിരിക്കും പദ്ധതിയുടെ മേൽനോട്ടം. പിഷാരികാവ് ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം ചിറ വർഷങ്ങൾക്ക് മുൻപ് നബാർഡിന്റെ സഹായത്തോടെ 3.5 കോടി ചെലവഴിച്ച് നവീകരിച്ചിരുന്നു. പന്ത്രണ്ട് ഏക്കറോളം ജല സമൃദ്ധമായി കിടക്കുന്ന ചിറ ദേശീയപാതയിൽ നിന്ന് നോക്കുമ്പോൾ മനോഹരമായ ദൃശ്യമാണ്. വിശ്രമത്തിനും പ്രഭാത സായാഹ്ന സവാരിക്കും സൗകര്യം വരുന്നതോടെ വലിയ ജനപ്രവാഹം ഉണ്ടാകുമെന്ന് ഉറപ്പാണ്. ആയിരക്കണക്കിന് ഭക്തരാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുന്നത്. കൊയിലാണ്ടിയിൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ഇടമില്ലാതെ പ്രയാസപ്പെടുകയാണ് ആളുകൾ. പദ്ധതി പൂർത്തിയായാൽ ഭക്തർക്കും അല്ലാത്തവർക്കും ഉല്ലസിക്കാൻ ഒരിടമായി ചിറയുടെ പരിസരം മാറുമെന്നുറപ്പാണ്. കൊല്ലം ചിറയുടെ എതിർഭാഗത്താണ് കുട്ടികളുടെ പാർക്ക്. പദ്ധതി പൂർത്തിയാകുന്നതോടെ ചിറയും പാർക്കും ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് പരിസരവാസികളുടെ അഭിപ്രായം.