k-c-vamadevan

രാഷ്ട്രീയപ്രവർത്തനം പൂർണമായ പ്രവർത്തനശൈലിയാക്കി ജീവിച്ചവരെ കേരള രാഷ്ട്രീയത്തിൽ തിരഞ്ഞാൽ നിശ്ചയമായും കണ്ടെടുക്കാവുന്ന പേരാണ് കെ.സി. വാമദേവന്റേത്. ഒരു പുരുഷായുസ് മുഴുവൻ നിശ്ചയദാർഢ്യവും ആത്മാർത്ഥതയും ആദർശനിഷ്ഠയും തൊഴിലാളി സ്നേഹവും നേതൃത്വപാടവും ഉയർത്തിപ്പിടിച്ച കർമ്മധീരനായ സോഷ്യലിസ്റ്റ്. 16 വർഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ഡെപ്യൂട്ടി മേയർ, മേയർ, രണ്ടുതവണ നിയമസഭാംഗം എന്നിങ്ങനെ കേരള രാഷ്ട്രീയചരിത്രം കെ.സി.യെ അടയാളപ്പെടുത്തുന്നു.

ആർ.എസ്.പി എന്ന വിപ്ളവപാർട്ടിയിലെ ഈറ്റപ്പുലി. ആയുസ് മുഴുവൻ ബോൾഷെവിക്കായി നിലനിന്നു അദ്ദേഹം. ഒരു ഡസനിലധികം രാഷ്ട്രീയ കേസുകളും വാറണ്ടുകളും കടന്നാക്രമിച്ച സമയം. രാഷ്ട്രീയ പ്രവർത്തനം പൊടുന്നനെ നിറുത്തി ബോംബെയിൽ ജോലിയന്വേഷിച്ചു പോയ കെ.സി. വാമദേവൻ അവിടെ നിന്നും സുഹൃത്തും പത്രാധിപരുമായ കെ. ബാലകൃഷ്ണന് അയച്ച കത്തിന്റെ ചുരുക്കം ഇങ്ങനെ.

സഖാവെ,

നിയന്ത്രണാതീതമായ ചുറ്റുപാടുകളാൽ എനിക്കേറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ പ്രവർത്തനം വിട്ട് ജോലിയന്വേഷിച്ച് എനിക്കിങ്ങോട്ട് പോരേണ്ടിവന്നു. പാർട്ടി സഖാക്കൾ എന്നെ അപലപിക്കും. ഞാനാണെങ്കിലും അതേ ചെയ്യൂ. പക്ഷേ ഓരോ സഖാവിലുമുള്ള മനുഷ്യത്വം എന്റെ നിരപരാധിത്വം തെളിയിക്കും. ജീവിതത്തിലെ ഏകലക്ഷ്യം വിജയകരവും ആത്മാർത്ഥത നിറഞ്ഞതുമായ പാർട്ടി പ്രവർത്തനമാണെന്ന് തികച്ചും വിശ്വസിച്ച് കഴിയുംവിധം ഞാൻ പ്രാവർത്തികമാക്കി. ഞാനാണ് വീട്ടിലെ മൂത്തമകൻ. എനിക്കിളയവർ ഒമ്പത് പേർ. സാർവത്രികമായ കടം. ഞാൻ കാരണം എന്തിനും നിസഹരിക്കുന്ന ബന്ധുക്കൾ. വൈരാഗ്യവും സ്‌നേഹവും ക്രമാതീതമായ അച്ഛൻ. വാത്സല്യം നിറഞ്ഞ മക്കൾക്കും സ്നേഹമുള്ള ഭർത്താവിനും ഇടയിൽ ആലില പോലെയാടുന്ന മാതാവ്. ദീർഘനാളായി നീണ്ടുനിൽക്കുന്ന എന്റെ അസാന്നിദ്ധ്യം, ഞാൻ കാരണമുണ്ടായ കടങ്ങൾ, ക്ളേശങ്ങൾ പക്ഷേ അതൊക്കെ അവഗണിക്കാനും ഞാൻ വിശ്വസിച്ച തത്വസംഹിതയ്ക്കും ഞാൻ പ്രവർത്തിച്ച തൊഴിലാളി പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കാനും മനസിന് കഴിവുണ്ടായിരുന്നു.

പാർട്ടിയിൽ ഞാൻ സജീവമായതോടെ വീട്ടിലെ ശാന്തത, സംഘട്ടനങ്ങൾക്ക് വഴിമാറി വീടിനെത്തന്നെ ഉലച്ചു. പാർട്ടിയിൽ നിന്ന് ഞാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ നിരാഹാരം ആരംഭിക്കുന്നതായി പോസ്റ്റർ തന്നെ അടിച്ചിറക്കി. വീട്ടുപടിക്കൽ ഷെഡ് കെട്ടി. സഖാവ് എൻ. ശ്രീകണ്ഠൻനായർ ഇടപെട്ടാണ് അച്ഛനെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. വീട്ടിലെ ദാരിദ്ര്യം തുടരെത്തുടരെ അറിയിച്ചിട്ടും അതൊക്കെ നിമിഷമാത്രയിൽ മറന്നുപോകാൻ തക്കനിലയിൽ പല സമരത്തിന്റെയും നടുവിലായിരിക്കും ഞാൻ ചെന്നുപെടുക. അമ്മ നിരവധി തവണ കണ്ണീരുമായി പാർട്ടി ഓഫീസിലെത്തി. പാർട്ടി സന്ദേശവുമായി നെടുമങ്ങാട്ടെ മഞ്ഞുമൂടിനിൽക്കുന്ന മലകൾക്കിടയിൽ അരുവിപ്പുറം മുതൽ കല്ലറ വരെയും കല്ലറ മുതൽ കല്ലാർ വരെയും സഞ്ചരിക്കുമ്പോഴും തോട്ടം തൊഴിലാളികൾക്കൊപ്പം സമരമുഖത്ത് നിൽക്കുമ്പോഴും വീട്ടിലെ ഓർമ്മകൾ മാറിനിൽക്കും. പക്ഷേ സമരം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ ന്യൂസ് പേപ്പറിലോ പാർട്ടി കൊടി വിരിച്ചോ ഉറങ്ങാൻ കിടക്കുമ്പോൾ വിശന്ന് കരയുന്ന പട്ടിണിയിലായിരിക്കുന്ന എന്റെ ഇളയത്തുങ്ങളായ കുഞ്ഞുങ്ങളെ ഓർത്ത് പല രാത്രികളിലും ബോൾഷേവിക്കായ ഞാൻ കരഞ്ഞുപോകാറുണ്ട്. എന്നാൽ സൂര്യനുദിക്കുമ്പോൾ ഡയറിയുമെടുത്ത് അടുത്ത സമരമുഖത്തേക്കുള്ള യാത്ര. ഓണക്കാലത്ത് സാമില്ലുകൾ, പ്രസുകൾ, ഓയിൽ മില്ലുകൾ എന്നിങ്ങനെ സമരവേദി മാത്രം മാറിമാറി വരും. ഓണത്തലേന്ന് വരെ കമ്പനിപടിക്കൽ സമരം ചെയ്ത് കിട്ടുന്ന ബോണസുമായി വീട്ടിലേക്ക് ഓണസാധനങ്ങളുമായി നടന്നുപോകുന്ന സഖാക്കളെ അഭിമാനത്തോടെ നോക്കിനിൽക്കുമ്പോൾ എനിക്കും വീട്ടിലേക്ക് പോകാൻ ആഗ്രഹമായി.

വീടെത്തിയപ്പോൾ തിരുവോണമെത്താറായി. പക്ഷേ വീട്ടിലെ കാഴ്ച ഹൃദയഭേദകമായിരുന്നു. ദിവസങ്ങളായി വീട്ടിൽ നിന്നിറങ്ങിപ്പോയ അച്ഛൻ. ആ വെളുപ്പാൻകാലത്തും ഒരു പുഴപോലെ കണ്ണീരൊഴുക്കി ഉറക്കമില്ലാതെ കാത്തിരിക്കുന്ന അമ്മ. വാടിത്തളർന്നുറങ്ങുന്ന കുട്ടികൾ. അതിൽ ഏറ്റവും ഇളയവനായ സുദർശനൻ ആരോ കൊടുത്ത തുണിപ്പന്ത് നെഞ്ചോടു ചേർത്ത് 'അണ്ണാ പന്തും നിക്കറും" എന്ന് സ്വപ്നത്തി​ലും പുലമ്പി​ ഉറങ്ങുന്ന കാഴ്ച. വീട്ടി​ൽ നി​ന്ന് യാന്ത്രി​കമായാണ് നടന്നി​റങ്ങി​യതെങ്കി​ലും കാത്തി​രുന്നത് ബ്രൈമൂർ എസ്റ്റേറ്റി​ലെ സമരപ്പന്തലാണ്. ആ സമരത്തി​ന്റെ ചർച്ചയി​ൽ പങ്കെടുത്തുകൊണ്ടി​രി​ക്കുമ്പോൾ പാർട്ടി​ ഓഫീസി​ലേക്ക് എത്തി​യ രജി​സ്ട്രേഡ് കത്ത് അമ്മയുമായുള്ള അച്ഛന്റെ വി​വാഹമോചന പ്രമാണത്തി​ന്റെ ശരി​പ്പകർപ്പായി​രുന്നു. കോൺ​ഫറൻസി​ലേക്ക് കയറും മുൻപ് കത്ത് കീറി​ക്കളഞ്ഞെങ്കി​ലും ഒപ്പം ഹൃദയം നുറുങ്ങി​പ്പോയ സമയം. ആത്മഹത്യയെക്കുറി​ച്ച് പോലും ചി​ന്തി​ച്ച ദി​വസം പക്ഷേ ബോൾഷേവി​ക്ക് സ്വഭാവം ആത്മഹത്യ ചെയ്യാൻ അനുവദി​ച്ചി​ല്ല. പാർട്ടി​യി​ൽ നി​ന്നൊരു പി​ന്മാറ്റമല്ലാതെ മറ്റൊന്നും മുന്നി​ലി​ല്ല. അതുകൊണ്ട് ജോലി​യന്വേഷി​ച്ച് ബോംബെയി​ലേക്കെത്തി​. സഖാവി​ന് എന്റെ ആവശ്യം മനസി​ലായെങ്കി​ൽ ഇവി​ടെ പരി​ചയമുള്ള ആരെങ്കി​ലും വഴി​ എനി​ക്കൊരു ജോലി​ക്ക് ശുപാർശ ചെയ്യണമെന്നും താത്‌പര്യപ്പെടുന്നു.

എന്ന്

കെ.സി​. വാമദേവൻ

മറ്റുവീടുകളി​ലെ അടുപ്പ് പുകയാൻ അഹോരാത്രം സമരം നടത്തി​ വി​ജയി​പ്പി​ച്ച തൊഴി​ലാളി​ നേതാവി​ന്റെ സ്വന്തം വീട്ടി​ലെ ചി​ത്രമാണ് ഈ കത്ത്. രാഷ്ട്രീയത്തി​ന്റെ ചൂടുള്ള ചി​ന്തകൾ ഉള്ളി​ൽ നീറുമ്പോൾ അവി​ടെയും ഒതുങ്ങി​നി​ൽക്കാൻ കഴി​യാതെ വാമദേവൻ വീണ്ടും നാട്ടി​ലെ പൊതുരംഗത്തേക്ക് തി​രി​ച്ചെത്തി​യതും അന്ത്യദി​വസം വരെ പാർട്ടി​ക്ക് വേണ്ടി​യും തൊഴി​ലാളി​കൾക്ക് വേണ്ടി​യും നില​കൊണ്ടതും ചരി​ത്രം. ഊതിക്കെടുത്താൻ പലരും ശ്രമിച്ചിട്ടും ജീവിതക്കനലൂതി ജ്വലിപ്പിച്ച് മറ്റുള്ളവർക്ക് വെളിച്ചമായ കറയറ്റ ബോൾഷെവിക്ക് മൺമറഞ്ഞിട്ട് ജനുവരി 20ന് 15 വർഷം.

(ഫോൺ:9895262452)