കുന്നുകൂടുന്ന മാലിന്യകൂമ്പാരത്തിന് മുകളിലാണ് ഓരോ ഇന്ത്യക്കാരനും. ഇന്ത്യയിലെ ആളോഹരി മാലിന്യ ഉത്‌പാദനം പ്രതിദിനം 450 ഗ്രാം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന ഖരമാലിന്യ ഉത്‌പാദനം ചെറുനഗരങ്ങളിൽ 170 ഗ്രാം മുതൽ വൻനഗരങ്ങളിൽ 620 ഗ്രാം വരെ വ്യത്യാസപ്പെടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം 1.4 ലക്ഷം ടൺ മുൻസിപ്പൽ ഖര മാലിന്യവും 0.025 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യവും ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ മാലിന്യകൂമ്പാരത്തിലേക്കാണ് 2020 ന്റെ തുടക്കത്തിൽ കൊവിഡ് മാലിന്യങ്ങൾ കൂടി കുമിഞ്ഞുകൂടാൻ തുടങ്ങിയത്.
വരുംനാളുകളിൽ ലോകം അഭിമുഖീകരിക്കാൻ പോകുന്ന മുഖ്യ പ്രശ്നങ്ങളിലൊന്ന് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടായിരിക്കും . പ്രത്യേകിച്ചും ജനസാന്ദ്രതയേറിയ നഗരങ്ങളിൽ.
കൊവിഡ് മാലിന്യം
കൊവിഡ് പോലെ തന്നെ അപകടകരമാണ് കൊവിഡ് അനുബന്ധ മെഡിക്കൽ മാലിന്യങ്ങളും. പി.പി.ഇ കിറ്റുകൾ, മാസ്‌ക്, ഗ്ലൗസ്, ഷൂ കവർ, സിറിഞ്ച്, സൂചി, ബഡ് എന്നിങ്ങനെ ചികിത്സാ-മുൻകരുതൽ സംബന്ധമായ എല്ലാത്തരം മാലിന്യങ്ങളും അടങ്ങുന്നതാണ് കൊവിഡ് മാലിന്യം. അതീവ ജാഗ്രതയോടെ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട ഇത്തരം മാലിന്യശേഖരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നതു കൂടിയാണെന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും അളവ് ഏറിവരുന്ന സാഹചര്യത്തിൽ. ഇത്തരം മാലിന്യത്തിന്റെ ശേഖരണം-സംസ്‌കരണം എന്നീ കാര്യങ്ങളിൽ വ്യക്തമായ മാർഗരേഖ രാജ്യത്തുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കിയ മാർഗരേഖക്കൊപ്പം 'COVID-19BMW ' എന്ന മൊബൈൽ ആപ്ലിക്കേഷനും സജീവമാണ്. ശേഖരിച്ച മാലിന്യം സംസ്‌കരിക്കുന്നതിനായി മാത്രം 198 മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്.
കൊവിഡ് മാലിന്യത്തിന്റെ കണക്കുകളിലേക്ക് വരാം. കൊവിഡ് വ്യാപനം മുതൽ പ്രത്യേകിച്ച് ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസം കൊണ്ട് ഇന്ത്യയൊട്ടാകെ 33000 ടൺ കൊവിഡ് അനുബന്ധ മാലിന്യം സൃഷ്ടിക്കപ്പെട്ടെന്നാണ് കണക്ക് (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്).
പ്രധാന സംസ്ഥാനങ്ങളിലെ കൊവിഡ് മാലിന്യം, ആകെ രോഗികൾ സംസ്‌കരണ യൂണിറ്റുകൾ (2020 ഡിസംബർ 31 വരെയുള്ള കണക്ക്)
1. മഹാരാഷ്ട്ര - 3587ടൺ - 19.3 ലക്ഷം - 29
2. കേരളം 3300 ടൺ - 7.56 ലക്ഷം- 1
3. ഗുജറാത്ത് 3086ടൺ - 2.44ലക്ഷം - 20
4. തമിഴ്നാട് 2806 ടൺ- 8.17 ലക്ഷം- 8
5. ഉത്തർപ്രദേശ് 2502ടൺ - 5.85ലക്ഷം - 18
6. പശ്ചിമബംഗാൾ 2095ടൺ - 5.5 ലക്ഷം- 6
7. കർണാടക 2026 ടൺ- 9.19ലക്ഷം - 26
കൊവിഡ് മാലിന്യത്തിന്റെ കാര്യത്തിലും കേസുകളുടെ എണ്ണത്തിലും സംസ്‌കരണ യൂണിറ്റുകളുടെ കാര്യത്തിലും മഹാരാഷ്ട്ര ഒന്നാംസ്ഥാനത്താണ്. എന്നാൽ കേരളം മാലിന്യ സംസ്‌കരണ വിഷയത്തിൽ നമ്മുടെ മൂന്നിരട്ടിയോളം കേസുകളുള്ള മഹാരാഷ്ട്രയോടടുത്തതും, നമ്മേക്കാൾ ഉയർന്ന കേസുകളുള്ള കർണാടക, തമിഴ്നാട് എന്നിവരേക്കാൾ വളരെ ഉയരത്തിലുമാണ് . കൊവിഡ് മാലിന്യം കൃത്യമായി ശേഖരിക്കുന്നതിലും മൊബൈൽ ആപ്പിലൂടെ വിവരങ്ങൾ കൈമാറുന്നതിലും സംസ്‌കരിക്കുന്നതിലും നാം കാണിക്കുന്ന ജാഗ്രതയാണ് ഇത് വെളിപ്പെടുത്തുന്നത് .
കൊവിഡ് അനുബന്ധ മെഡിക്കൽ മാലിന്യങ്ങൾ കാര്യമായി ശേഖരിക്കാനും സംസ്‌കരിക്കാനും നമുക്കിപ്പോൾ കഴിയുന്നുണ്ടെങ്കിലും സംസ്‌കരണ യൂണിറ്റിന്റെ അപര്യാപ്തത സുപ്രധാന മുൻഗണനാ വിഷയം തന്നെയാവണം. ആഗോളതലത്തിൽ നോക്കിയാൽ മെഡിക്കൽ മാലിന്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യാത്തതുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം 5.2 ദശലക്ഷം പേർ ( നാല് ദശലക്ഷം കുട്ടികൾ ഉൾപ്പെടെ) പ്രതിവർഷം മരണമടയുന്നുണ്ടെന്ന തിരിച്ചറിവ് നമ്മുടെ ജാഗ്രത ഇനിയും ഉയരണം എന്നോർമ്മിപ്പിക്കുന്നു. ഇത്തരം ദുരിതങ്ങളുടെ ഇരകൾ സ്വാഭാവികമായും ഇന്ത്യയുൾപ്പെടുന്ന താരതമ്യേന കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ തന്നെയാണ് . കൂടുതൽ കേന്ദ്രീകൃത സംസ്‌കരണ യൂണിറ്റുകൾ (ഒരു പക്ഷേ, 75 കിലോ മീറ്റർ എന്ന ദൂരപരിധി പാലിച്ചുകൊണ്ട്) സ്ഥാപിക്കാൻ ജനസാന്ദ്രതയിലേറെ മുന്നിലുള്ള കേരളത്തിന് അസാധ്യമാണ് എന്നതിൽ തർക്കമില്ല. ഈ പോരായ്മ പരിഹരിക്കാൻ ബയോമെഡിക്കൽ മാലിന്യ കാര്യത്തിലും വ്യക്തമായ പ്ലാനിങ്ങോടെയുള്ള വികേന്ദ്രീകൃത സംസ്‌കരണത്തിലൂടെ നമുക്കിന്ന് മാതൃകാപരമായി സാധിക്കുന്നുമുണ്ട്.
നാളെ മെച്ചപ്പെട്ട ആരോഗ്യം കേരളത്തിന് ഉറപ്പുവരുത്തുന്നതിനായി.
കൊവിഡ് മാലിന്യത്തിന് മുന്നിൽ നമ്മുടെ ജാഗ്രതയുടെ കണ്ണുകൾ തുറന്നുതന്നെയിരിക്കട്ടെ.