drona

പിണറായി സഖാവ് ഒരു പൂവ് വാഗ്ദാനം ചെയ്തപ്പോൾ ചെന്നിത്തലാജി ഒരു വസന്തം തന്നെ കൊണ്ടുവന്നിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അത് മറ്റൊന്നുമല്ല. ആറായിരം ഉറുപ്പികയുടെ ന്യായ് പദ്ധതിയാണ്. ചെന്നിത്തലാജി ഇന്നാട്ടിൽ പാലും തേനും ഒഴുക്കും എന്നൊന്നും പറഞ്ഞ് നടക്കുന്ന ടൈപ്പല്ല. അദ്ദേഹം നേരേ വാ, നേരേ പോ മാതിരിയാണ്. ഒഴുക്കിക്കളയാനുള്ള ഐറ്റങ്ങളല്ല പാലും തേനും എന്ന് അദ്ദേഹത്തിനറിയാം.

പിണറായി സഖാവും ഐസക് സഖാവുമൊക്കെ കുറേ നാളുകളായി പത്ത്- നൂറുറുപ്പികയുടെ കിറ്റ്, 1500 ഉറുപ്പികയുടെ പെൻഷൻ എന്നെല്ലാം പറഞ്ഞ് നടക്കുകയായിരുന്നു. ഐസക് സഖാവ് ബഡ്ജറ്റിൽ ഒരു നൂറുറുപ്പിക കൂടി കൂട്ടി 1500 ഉറുപ്പികപ്പെൻഷൻ 1600 ഉറുപ്പികയാക്കി റൗണ്ട് ചെയ്തിരിക്കുകയാണ്. അതുകൊണ്ടെന്ത് കാര്യം. ഇന്നത്തെ കാലത്ത് മൂക്കിൽ വലിച്ചുകേറ്റാനുള്ള മദ്രാസ് പട്ടണം പൊടിക്ക് തികയില്ല ഈ ആയിരത്തിഅറുന്നൂറ് ഉലുവ. കാലം മാറിയതൊന്നും തിരിച്ചറിയാൻ പിണറായി സഖാവിനെക്കൊണ്ട് സാധിക്കില്ല.

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ യഥാർത്ഥത്തിൽ ചെന്നിത്തലാജിക്കോ മുല്ലപ്പള്ളിജിക്കോ തട്ട് ഇങ്ങോട്ട് കിട്ടിയതല്ല. അവരങ്ങോട്ട് ചെന്ന് തട്ട് മേടിച്ചതായിരുന്നു. അതിൽ വലിയ കാര്യമില്ല. എന്നാൽ, അത് കണ്ടിട്ട് അഹങ്കരിച്ച് നടക്കുകയാണ് പിണറായി സഖാവ് ആൻഡ് കോ. ചെന്നിത്തലാജിയുടെയും ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജിയുടെയും തല ഇപ്പോൾ തെറിക്കുമെന്ന് ഭാവിച്ചാണ് സഖാവും കൂട്ടരും നടക്കുന്നത്. കണ്ടാൽ തോന്നും 1600ഉം കിറ്റും ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി സഖാവിനെ തട്ട് കൂടാതെ കടത്തി വിട്ടോളും എന്ന്.

അതത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞാൽ പിണറായി സഖാവിന് കൊള്ളാമെന്നേ ഇപ്പോൾ പറയുന്നുള്ളൂ. 1600 ഉം കിറ്റും എന്നതിലൊരു വെറൈറ്റി ഉണ്ടെന്ന് പറയാനാവില്ല. ന്യായ് പദ്ധതി എന്നൊക്കെ പറയുമ്പോൾ തന്നെ അതിലൊരു ഗാംഭീര്യം നിറഞ്ഞുനില്പുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പോലും പ്രഖ്യാപിച്ചിട്ടില്ലാതിരിക്കെ, പിണറായി സഖാവൊക്കെ പ്രകടന പത്രികയെപ്പറ്റി മനസിൽ ചിന്തിച്ച് തുടങ്ങുന്നതേയുള്ളൂ. അതിന് മുമ്പേ അത് മാനത്ത് കണ്ട് കരട് പ്രകടനപത്രിക ഇറക്കിയാണ് ചെന്നിത്തലാജിയുടെ അതിദ്രുതനീക്കങ്ങൾ. ആറായിരം ഉറുപ്പിക ഓരോ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടിൽ ഉറപ്പാക്കിക്കൊടുക്കുമെന്നാണ് ചെന്നിത്തലാജിയുടെ പ്രഖ്യാപനം. ഏറി വന്നാൽ 1600 ഉറുപ്പികപ്പെൻഷൻ ഒരു രണ്ടായിരമാക്കി റൗണ്ട് ചെയ്യുന്നതിനപ്പുറത്തേക്കൊന്നും പിണറായി സഖാവ് കടന്ന് ചിന്തിക്കാനിടയില്ലെന്ന് ചെന്നിത്തലാജിക്ക് അറിയാം. ചെന്നിത്തലാജി എത്ര പിണറായി സഖാവിനെ കണ്ടിരിക്കുന്നു!

അതുകൊണ്ടാണ് ന്യായ് പദ്ധതിയും ആറായിരം ഉറുപ്പികയും ചെന്നിത്തലാജി കാലേകൂട്ടി പ്രഖ്യാപിച്ചത്. ശരിക്കും ഇതൊരു മെഗാ ഓഫറാണ്. ഈ ഓഫർ സ്വീകരിച്ചാൽ ജനത്തിന് നല്ലതേ വരൂ. ആറായിരത്തിന്റെ ന്യായ് പദ്ധതി ഒരു വിധം തട്ടിക്കൂട്ടിയെടുത്തപ്പോൾ ഐസക് സഖാവ് ബഡ്ജറ്റിൽ പുതിയ കുറേ പൊടിക്കൈകളുമായി ഇറങ്ങിയിട്ടുണ്ട്. ഇരുപതുലക്ഷം തൊഴിൽ എന്നൊക്കെ പറഞ്ഞ്. ദരിദ്ര കുടുംബത്തെ കരകയറ്റാൻ ഐസക് സഖാവ് ഒരു പതിനഞ്ച് ലക്ഷത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചതായി കണ്ടു. ന്യായ് പദ്ധതിയുടെ വേറൊരു വേർഷൻ എന്നെല്ലാം പലരും ഇതിനെ നിരൂപിക്കുന്നുണ്ട്. കാര്യമാക്കേണ്ടതില്ല.

നിയമസഭാ തിരഞ്ഞെടുപ്പല്ലേ. ഇതും ഇതിനപ്പുറവും നടന്നെന്നിരിക്കും. ബഡായി ബഡ്ജറ്റ് എന്ന് ചെന്നിത്തലാജി ഐസകിന്റെ ബഡ്ജറ്റിനെ വിളിച്ചത് വെറുതെയല്ല. സ്വന്തം ന്യായ് പദ്ധതിയുടെ മുന്നിൽ ഇതൊക്കെയെന്ത് ! ആറായിരത്തിൽ പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കിക്കഴിഞ്ഞ ചെന്നിത്തലാജിക്ക് മുന്നിൽ ഐസക് സഖാവ് ഇനി ആകാശത്ത് നിന്ന് അമ്പിളിമാമനെ പിടിച്ചുകെട്ടി കൊണ്ടുത്തരാമെന്ന് പറഞ്ഞാലും ഏശാൻ പോകുന്നില്ല സഖാക്കളേ! ജസ്റ്റ് റിമംബർ ദാറ്റ്!

......................................

- സംവിധായകൻ കമൽ ആളൊരു പാവം മാനവഹൃദയമാണ്. സുഗതകുമാരി ഈ പേരിലൊരു കവിതയെഴുതിയത് പോലും കമലിനെ ഉദ്ദേശിച്ചാണെന്ന് കരുതുന്നവരുണ്ട്. അതിനക്കൂട്ടരെ കുറ്റപ്പെടുത്താനാവില്ല.

തീവ്ര വലതുപക്ഷ വ്യതിയാനങ്ങളെ വഴിക്കുവച്ചേ തടഞ്ഞുനിറുത്തി നാല് ചോദ്യം ചോദിച്ച് തലയ്ക്കൊരു കിഴിയും വച്ചുകൊടുത്ത് വിടുന്നതാണ് കമലിന്റെ രീതി. പാവം മാനവഹൃദയങ്ങൾക്കാണ് ഇത്തരത്തിൽ തീവ്ര വലത് വ്യതിയാനങ്ങളെ തടഞ്ഞു നിറുത്താനാവുക. ചലച്ചിത്ര അക്കാഡമിയിലെത്തിയതിൽ പിന്നെ,​ അവിടെ പ്രത്യേകമായി സ്ഥാപിച്ച ഒരു സൂക്ഷ്മദർശിനിയിലൂടെയാണ് അദ്ദേഹം അതുവഴി വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചുവരുന്നത്. അതിൽ ചുവപ്പും നീലയുമാണ് സാധാരണ തെളിഞ്ഞ് കത്താറ്. ചുവപ്പ് കത്തിയാൽ വരുന്നത് ഇടതുപക്ഷ സ്വഭാവക്കാർ തന്നെയെന്നുറപ്പിക്കാം. നീല തെളിഞ്ഞാൽ സംഗതി പോക്കാ!

അടുക്കുന്തോറും നീല കൂടുതൽ തെളിഞ്ഞ് വരുന്നതോടെ ആ മനസിൽ ആധി കനക്കും. പിന്നെ കമലിന്റയുള്ളിലൊരു വിറയലാണ്. ഓടിപ്പോയി തടുത്തുനിറുത്തിയാണ് ചോദ്യങ്ങളും വർത്തമാനങ്ങളും കിഴിയുമെല്ലാം. അങ്ങനെ ഇടതുസ്വഭാവം പരമാവധി പരിരക്ഷിച്ച് പോവുകയായിരുന്നു കമൽ. അങ്ങനെ സൂക്ഷ്മദർശിനിയിലൂടെ കടത്തിവിട്ട ചില ഇടതുസ്വഭാവക്കാരെ ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ച് പോയി. അതിലെന്താണിത്ര തെറ്റ് ! ബാലൻ മന്ത്രി അത് തിരിച്ചറിയാതിരുന്നത് ശരിയായില്ല.

................................................

ഐസക് സഖാവ് ബഡ്ജറ്റിൽ എല്ലാവരോടും നീതി കാട്ടിയെന്ന് പറയുന്നവരോട് വിയോജിക്കുന്നു. കൊഞ്ച് കൃഷിയോടും അതിന്റെ കർഷകരോടും അദ്ദേഹം ഒട്ടും നീതി കാട്ടിയിട്ടില്ല. നീതികാട്ടിയിരുന്നെങ്കിൽ സ്കൂൾ കുട്ടികളുടെ മാത്രം കവിതകളെടുക്കുന്നതിന് പകരം മഹാകവി ജി. സുധാകരൻ സഖാവിന്റെ ശിരസിലെ കൊഞ്ച് ഹൃദയം എന്ന ഏറ്റവും പുതിയ കവിതയിലെ നാല് വരി ഉറപ്പായും ബഡ്ജറ്റിൽ വരുമായിരുന്നു. അതിലെ,​ "കൊഞ്ച് പോലെന്നെ ചുട്ടു പൊടിച്ചുവോ,​ കൊഞ്ചുപോൽ വറുത്തെന്നെ ഭക്ഷിക്കുമോ?​" എന്ന വരികൾ ഉറപ്പായും ബഡ്ജറ്റ്പ്രസംഗം കേട്ടുകൊണ്ടിരുന്നവർ അതിൽ പ്രതീക്ഷിച്ചു. ബഡ്ജറ്റ് ആകെമൊത്തം കേട്ടുകഴിഞ്ഞപ്പോൾ പലരും പിറുപിറുത്തത് കവിതയിലെ തന്നെ ഈ വരികളായിരുന്നു: "കൊഞ്ച് പോലെൻ ഹൃദയം ശിരസിലെങ്കിലും ഫലം ശൂന്യം വിധി തന്നെ ദുർവിധി!"

കവികളെ ആദരിക്കുന്നതിലെങ്കിലും സങ്കുചിതമനസ് ഉപേക്ഷിക്കാൻ ഈ ഐസക് സഖാവിന് എപ്പോഴാണ് സാധിക്കുക!

ഇ-മെയിൽ: dronar.keralakaumudi@gmail.com