kda

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാല സ്റ്റേഡിയം സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം സരള ടീച്ചർ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. വിജയകുമാർ, ഒ. റാണി ചന്ദ്രിക, ഷൈനി മോൾ, ദിവ്യ.എ, മജ്ഞുഷ, ജി.സതീന്ദ്രൻ, വിവിധ സ്പോർട്സ് ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കാട്ടാക്കട പ്രദേശത്തെ കായിക പ്രേമികളുടെ ദീർഘനാളായുള്ള സ്വപ്നത്തിനാണ് ഇപ്പോൾ സാക്ഷാത്കാരമാക്കുന്നത്. ഒരു ഫുട്ട്ബാൾ കോർട്ട്, ഒരു വോളിബാൾ കോർട്ട്, മൂവബിൾ പോസ്റ്റുകൾ, ഡ്രെയിനേജ് സൗകര്യം, ടൊയ്ലെറ്റ് സൗകര്യം, ഓഫീസ് സമുച്ചയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. ഐ.ബി.സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കെൽ ആണ് നിർമ്മാണ ചുമതല വഹിക്കുന്നത്. പ്രദേശത്തെ കായിക മേഖലയ്ക്ക് പുത്തനുണർവേകുന്ന അമ്പലത്തിൻകാല സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.