കാട്ടാക്കട: കെട്ടിട നിർമ്മാണ ക്ഷേമ നിധിയിൽ അംശാദായം അടയ്ക്കാനായി ക്ഷേമനിധി ഓഫീസിന്റെ കളക്ഷൻ സെന്ററിൽ വൻ തിരക്ക്. തിരക്ക് ക്രമാതീതമായതടെ നട്ടം തിരിഞ്ഞു അംഗങ്ങളും ഉദ്യോഗസ്ഥരും. ജില്ലയിൽ മലയോര മേഖല കേന്ദ്രീകരിച്ച് കാട്ടാക്കട മാത്രമാണ് ക്ഷേമനിധി ബോർഡിൽ നിന്നും നേരിട്ട് ഉദ്യോഗസ്ഥർ എത്തി കളക്ഷൻ സ്വീകരിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മുതൽ കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, കള്ളിക്കാട്,ഒറ്റശേഖരമംഗലം, മലയിൻകീഴ്, മാറനല്ലൂർ, അമ്പൂരി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരങ്ങളാണ് പണം ഒടുക്കുന്നതിനായി കാട്ടാക്കട ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ കുടുംബശ്രീ ഓഫീസിന് മുന്നിൽ തടിച്ചു കൂടിയത്. രാവിലെ മുതൽ ഇടവേളയില്ലാതെ ഉദ്യോഗസ്ഥർ പണിയെടുത്തിട്ടും വൈകിട്ടായിട്ടും തിരക്കിന് ഒരു കുറവും ഉണ്ടായില്ല. ഒടുവിൽ വൈകുന്നേരം അഞ്ചരയോടെ കളക്ഷൻ അവസാനിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലും ഒത്തു നോക്കലും കഴിഞ്ഞപ്പോൾ നേരം ഇരുട്ടി.
ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ അംശാദായം അടച്ചു പുതുക്കേണ്ട നടപടികൾക്കായിട്ടാണ് ക്ഷേമനിധി അംഗങ്ങൾ എത്തിയത്. എല്ലാ മാസവും 1,15, 25 തീയതികൾക്ക് പുറമെ തിങ്കൾ,ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം ഓഫീസിലും പണം അടക്കാൻ സൗകര്യം ഉണ്ട്.1,15,25 തീയതികൾ അവധി ആയാൽ തൊട്ടടുത്ത ദിവസം ഇതി നുള്ള സൗകര്യം ഉണ്ട്. എന്നാൽ അംഗത്വം പുതുക്കൽ അടുത്തിരിക്കുന്ന അവസരത്തിൽ കളക്ഷൻ കേന്ദ്രത്തിൽ ആളുകൾ എത്തുമെന്നതിനാൽ വെള്ളിയാഴ്ച തിരുവനന്തപുരം ഓഫീസ് അവധി ആയിട്ടുകൂടി ജീവനക്കാർ എത്തുകയായിരുന്നു.
ക്ഷേമനിധിയിൽ അംശാദായം അടച്ചു രസീതും ആധാറും ഉൾപ്പടെ നൽകുന്നവർക്ക് മാത്രമേ അംഗത്വം പുതുക്കി നൽകുകയുള്ളു. ഈ സഹചര്യത്തിലാണിപ്പോൾ ആളുകൾ എത്തിയത്.
അറുനൂറു രൂപയാണ് ഒരാൾ അംശാദായമായി അടക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പേർ വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് തുക അടച്ചു. കൊവിഡ് സാഹചര്യത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓരോ കേന്ദ്രങ്ങൾ വ്യത്യസ്ത തീയതികളിൽ തുറക്കുകയോ കാട്ടാക്കടയിലെ കളക്ഷൻ കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തു അനുവദിക്കുകയോ വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.