കല്ലമ്പലം: വലിയകുളം എന്നറിയപ്പെടുന്ന നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്ര സമീപത്തെ ആറാട്ട് കുളത്തിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി ഒരു സ്വിമ്മിംഗ് ലൈഫ് ഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
കുളത്തിന് സമീപത്തുകൂടെ കടന്നുപോകുന്ന റോഡുകളിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. ഇതു മൂലം ക്ഷേത്ര കുളവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇരുട്ടാകുന്നതോടെ പ്രദേശവാസികളായ യുവാക്കളും മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവരും കുളത്തിന് പരിസരത്ത് ഒത്തുകൂടി നടു റോഡിൽ മണിക്കൂറുകളോളം നീളുന്ന മദ്യപാനവും മറ്റും നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറുകയാണ്.
സ്വിമ്മിംഗ് ലൈഫ് ഗാർഡിനെ അനുവദിക്കാൻ വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുമെന്നും ക്ഷേത്രക്കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ കൈയിൽ നിന്നും മോചിപ്പിക്കുമെന്നും ക്ഷേത്ര ഉപദേശിക സമിതി സെക്രട്ടറി സജുമോഹൻ പറഞ്ഞു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും സെക്രട്ടറിയുമായി ആലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ആറാട്ട് കടവെന്ന് പറയുന്ന ക്ഷേത്ര കുളത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡിന്റെ കീഴിലാണ്. ബാക്കിയുള്ളത് ഇറിഗേഷന്റെയും പഞ്ചായത്തിന്റെയും കീഴിലാണ്. കുളം സംരക്ഷിക്കേണ്ടവരുടെ ഭാഗത്തുനിന്നും അനങ്ങാപ്പാറ നയമാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.