ss

അമൽ നീരദിന്റെ ചിത്രം ഫെബ്രുവരി 3ന് എറണാകുളത്ത്

ആരാധകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ഫെബ്രുവരി 3-ാം തീയതി അവസാനമാകും. 340 ദിവസങ്ങൾ സിനിമാഭിനയത്തിൽ നിന്ന് വിട്ടുനിന്ന മെഗാ താരം മമ്മൂട്ടി ആ ദിവസമാണ് വീണ്ടും മൂവീ കാമറയ്ക്ക് മുന്നിലെത്തുന്നത്.അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഫെബ്രുവരി മൂന്നിനാണ് തുടങ്ങുന്നത്. ആദ്യ ദിവസം തന്നെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.

സോഷ്യൽ മീഡിയയിൽ തരംഗമായ നീട്ടിവളർത്തിയ തലമുടിയുമായി പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിനായി രണ്ട് മൂന്ന് പേരുകൾ പരിഗണനയിലുണ്ടെന്നും ടൈറ്റിലും മറ്റ് വിവരങ്ങളും ജനുവരി ഒടുവിൽ പ്രഖ്യാപിക്കുമെന്നും അമൽ നീരദ് കേരളകൗമുദിയോട് പറഞ്ഞു.ബിഗ് ബിയുടെ തുടർച്ചയായി ബിലാൽ എന്ന ചിത്രമാണ് മമ്മൂട്ടി - അമൽ നീരദ് ടീമിന്റേതായി അനൗൺസ് ചെയ്തിരുന്നതെങ്കിലും പോളണ്ട് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കേണ്ടതിനാൽ ലോകം കൊവിഡ് മുക്തമായ ശേഷമേ ബിലാൽ തുടങ്ങാനാവൂ. കൊവിഡ് കാലത്ത് ഒരു പരസ്യചിത്രത്തിൽ മാത്രമാണ് മമ്മൂട്ടി ആകെ അഭിനയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് മമ്മൂട്ടി ഒടുവിൽ മൂവീ കാമറയെ അഭിമുഖീകരിച്ചത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിൽ.

ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളെല്ലാം പുതിയ ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും കൊവിഡ് വ്യാപനത്തിൽ സാരമായ കുറവെങ്കിലും വന്നശേഷം മതി പുതിയ സിനിമ തുടങ്ങുന്നതെന്ന തീരുമാനത്തിലായിരുന്നു മമ്മൂട്ടി.

ലോക്ക് ഡൗൺ കാലത്ത് ദ പ്രീസ്റ്റിന് വേണ്ടി മമ്മൂട്ടിയില്ലാത്ത ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. നവംബർ ആദ്യ വാരമാണ് ദ പ്രീസ്റ്റ് പായ്ക്കപ്പായത്.

മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യർ ആദ്യമായി അഭിനയിക്കുന്ന ദ പ്രീസ്റ്റ് ഫെബ്രുവരി നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. പുതുവർഷത്തിലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ദ പ്രീസ്റ്റ്.

നിഗൂഢതകൾ ഒളിപ്പിച്ച ചിത്രത്തിന്റ ടീസറിന് വമ്പൻ വരവേല്പാണ് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ടീസർ ഇതിനകം ഇരുപത് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ട്വിറ്ററിലും തരംഗം സൃഷ്ടിക്കുകയാണ് ചിത്രത്തിന്റെ ടീസർ. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട മലയാള ചിത്രത്തിന്റെ ടീസർ എന്ന നേട്ടമാണ് ദ പ്രീസ്റ്റിന്റെ ടീസർ കരസ്ഥമാക്കിയത്. ഇരുപത്തിനാല് മണിക്കൂർ കൊണ്ട് രണ്ട് ലക്ഷത്തിൽപ്പരം ആളുകളാണ് ദ പ്രീസ്റ്റിന്റെ ടീസർ ട്വീറ്റ് ചെയ്തത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി. ഇലുമിനേഷൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും വി.എൻ. ബാബുവും ചേർന്ന് നിർമ്മിക്കുന്ന ദ പ്രീസ്റ്റിൽ നിഖില വിമൽ, കൈദി ഫെയിം ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, ജഗദീഷ്, ടി.ജി.രവി, രമേഷ് പിഷാരടി തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

നാല് വർഷം മുൻപ് നവീകരണ ജോലികൾക്കായി പ്രദർശനം നിറുത്തിവച്ച എറണാകുളത്തെ പ്രശസ്തമായ ഷേണായീസ് തിയേറ്ററിൽ ഫെബ്രുവരി നാലിന് പ്രദർശനം പുനരാരംഭിക്കുമ്പോൾ ഉദ്ഘാടന ചിത്രമായി എത്തുന്നതും ദ പ്രീസ്റ്റാണ്.