മുടപുരം: സംസ്ഥാന ബഡ്ജറ്റിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വിവിധ പ്രവർത്തികൾക്കായി 117.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി .ശശി അറിയിച്ചു.
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ പ്രവർത്തികൾക്കായി 50 കോടി, ലൈഫ് സയൻസ് പാർക്കിലെ മെഡിക്കൽ ഡിവൈസസ് പാർക്കിന് 24കോടി, ലൈഫ് സയൻസ് പാർക്കിലെ തന്നെ ബയോ ഇൻകുബേഷൻ സെന്റർ നിർമ്മാണത്തിന് 24 കോടിയും അനുവദിച്ചതിട്ടുണ്ട്. ഇതിൽ ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ തുകയിൽ 83 കോടി രൂപയും നിർമ്മാണ പ്രവർത്തികൾക്കും, ബാക്കി തുക പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമായാണ് ഉപയോഗിക്കുക.
ഇത് കൂടാതെ ചിറയിൻകീഴ് പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി 6 കോടി, അഞ്ചുതെങ്ങ്- കഠിനംകുളം മത്സ്യ സംസ്കരണ കേന്ദ്രം ആരംഭിക്കുന്നതിന് 5കോടി, പൊതുമരാമത്ത് പ്രവർത്തിയായ അയിലം - അതിരുമുക്ക് -ആര്യൻകുന്ന് -അയിലം ഏല റോഡ് നിർമാണത്തിന് 8.5കോടി എന്നിങ്ങനെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
വർക്കല മൈതാനത്ത്
പുതിയ ഫ്ലൈഓവർ
വർക്കല: സംസ്ഥാന ബഡ്ജറ്റിൽ വർക്കല നിയമസഭാമണ്ഡലത്തിൽ പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. മൈതാനം ഫ്ലൈഓവർ നിർമ്മിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. വർക്കലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 20 കോടി രൂപയും വകയിരുത്തി. വർക്കല ബൈപാസിനാവശ്യമായ 18 കോടി രൂപ ബഡ്ജറ്റിൽ നിലനിറുത്തി. വർക്കലയിലെ ജില്ലാ ആയുർവേദാശുപത്രിയും പ്രകൃതിചികിത്സാ കേന്ദ്രവും നൂറ് കിടക്കകളുള്ള ആശുപത്രികളാക്കി പ്രഖ്യാപിച്ചു. ദേശീയ ജലപാതയുടെ ഭാഗമായി വർക്കല തുരങ്കങ്ങളുടെ നവീകരണത്തിന് 86 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിയിൽ വർക്കല കാപ്പിൽ വരെയുളള ഭാഗം കൂടി ഉൾപ്പെടുത്തും. വർക്കല ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് മൂന്ന് കോടിയും അനുവദിച്ചു. പള്ളിക്കൽ വെളിനല്ലൂർ റോഡിന് 2 കോടി, വട്ടപ്ലാംമൂട് തച്ചോട് പനയറ റോഡിന് 1.30 കോടി, പുത്തൻചന്ത ടൗൺ നവീകരണത്തിന് ഒരുകോടി, വെട്ടൂർ ഷാപ്പ് മുക്ക് താഴെവെട്ടൂർ റോഡിന് ഒരുകോടി, ഞെക്കാട് അക്കരമംഗലം ക്ഷേത്രം റോഡിന് 50 ലക്ഷം, ആനക്കുന്നം ഞാറയിൽകോണം റോഡിന് 50 ലക്ഷം, തുമ്പോട് പനപ്പാംകുന്ന് റോഡിന് 50 ലക്ഷം, പള്ളിക്കൽ ചേങ്കോട് തോട് സംരക്ഷണത്തിന് 50 ലക്ഷം, കുടവൂർ ചേങ്കോട്ട്കോണം ഇലഞ്ഞിക്കോണം റോഡിന് 30 ലക്ഷം, മടവൂർ വേങ്കോട്ട്കോണം ഇളമൻകുന്ന് റോഡിന് 25 ലക്ഷം, മടവൂർ പുലിയൂർക്കോണം റോഡിന് 25 ലക്ഷം, പള്ളിക്കൽ കെ.കെ. കോണം ആണ്ടിക്കോണം വിളയിൽ റോഡിന് 25 ലക്ഷം, മുത്താന മദ്രസ റോഡിന് 25 ലക്ഷം, പള്ളിക്കൽ ചെമ്മാരത്ത് പാണയത്ത് വാതുക്കൽ തോട് സംരക്ഷണഭിത്തിക്ക് 25ലക്ഷം, ശിവഗിരി തീർത്ഥാടനത്തിന് 20 ലക്ഷം, ചെമ്മരുതി കുന്നത്തുമല കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം, കുടവൂർകോണം ചിറയിൽ റോഡിന് 20 ലക്ഷം എന്നിങ്ങനെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.