djoser

ഗിസയിലെ ഗ്രേറ്റ് പിരമിഡിനെ എല്ലാവർക്കും അറിയാം. പടിഞ്ഞാറൻ മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പിരമിഡായ ഗ്രേറ്റ് പിരമിഡ് ഈജിപ്റ്റിന്റെ ഗിസ നെക്രോപൊലിസിലെ ഏറ്റവും ആകർഷകവും പ്രശസ്തവുമായ സ്മാരകങ്ങളിൽ ഒന്നാണ്. എന്നാൽ ഇവിടെ നിന്ന് ഏകദേശം 10 മൈൽ തെക്കായി മറ്റൊരു പിരമിഡുണ്ട്. ഉയരത്തിൽ ഗ്രേറ്റ് പിരമിഡിനേക്കാൾ വലിപ്പം കുറവാണ്. എന്നാൽ, ഗിസ പിരമിഡുകളെക്കാളും ഈജിപ്റ്റിലെ എല്ലാ പിരമിഡുകളെക്കാളും പഴക്കം ചെന്നതാണ് ഈ പിരമിഡ്. ലോകത്തിലെ തന്നെ ആദ്യത്തെ പിരമിഡ് എന്ന് കരുതപ്പെടുന്ന ഈ പിരമിഡിന്റെ പേരാണ് ' ദ പിരമിഡ് ഒഫ് ജോസർ'.

ബിസി 2,630 കാലഘട്ടത്തിലാണ് ജോസർ പിരമിഡിന്റെ നിർമ്മാണം പൂർത്തിയായത്. ഇതിന് ഏകദേശം 70 വർഷങ്ങൾക്ക് ശേഷം ബിസി 2,560 കാലഘട്ടത്തിലാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മാണം ആരംഭിച്ചത്. സഖാറയിൽ സ്ഥിതി ചെയ്യുന്ന ജോസർ പിരമിഡ് നിർമ്മിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഗിസയിലെ ഗ്രേറ്റ് പിരമിഡ് ഉണ്ടാകുമായിരുന്നില്ല.

മറ്റുള്ള ഈജിപ്ഷ്യൻ പിരമിഡുകളെ പോലെ തന്നെ ഒരു ഫറവോയ്ക്ക് വേണ്ടിയാണ് ജോസർ പിരമിഡും നിർമ്മിച്ചത്. പുരാതന ഈജിപ്റ്റിലെ മൂന്നാം രാജവംശത്തിൽപ്പെട്ട രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ജോസർ രാജാവിന് വേണ്ടിയാണ് ഈ പിരമിഡ് നിർമ്മിച്ചത്. ഏകദേശം 19 വർഷം ഇദ്ദേഹം ഭരണത്തിൽ തുടർന്നു.

4700 വർഷം പഴക്കമുള്ള ജോസർ പിരമിഡിന്റെ കമനീയമായ വാസ്തുവിദ്യയ്ക്ക് പിന്നിൽ ഇംഹോട്ടപ് ആണെന്നാണ് കരുതുന്നത്. ലോക ചരിത്രത്തിലെ തന്നെ ആദ്യത്തേതെന്ന് കരുതപ്പെടുന്നതും മഹാനുമായ ആർകിടെക്റ്റ് ആയിരുന്നു ഇംഹോട്ടപ്. ജോസർ രാജാവിന്റെ മുഖ്യമന്ത്രിയായിരുന്നു ഇംഹോട്ടപ്. കൂടാതെ പുരോഹിതനും വൈദ്യനും കവിയും ജ്യോതിഷിയും ഗണിത തന്ത്രജ്ഞനുമായിരുന്നു ഇംഹോട്ടപ്. രോഗങ്ങൾ ദൈവങ്ങളുടെയോ ദുർദേവതകളുടെയോ സൃഷ്ടിയല്ലെന്നും മറിച്ചു സ്വാഭാവികമായി വരുന്നതാണെന്നും വാദിച്ചിരുന്നയാളാണ് ഇംഹോട്ടപ്.

ജോസറിന് വേണ്ടി ഇംഹോട്ടപ് രൂപകല്പന ചെയ്ത പിരമിഡ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കംചെന്ന സ്റ്റെപ് പിരമിഡ് ആണ്. കല്ലുകളാൽ നിർമ്മിതമായ പിരമിഡ് പലതട്ടുകളിലാക്കി അടുക്കി പുറത്ത് നിന്ന് കാണുന്നവർക്ക് ഓരോ പ്ലാറ്റ്ഫോമുകളായി തോന്നുന്ന തരത്തിലാണ് നിർമ്മാണം. പരന്ന മുകൾ ഭാഗത്തോട് കൂടിയ ജോസർ പിരമിഡിന്റെ ഉയരം 204 അടിയാണ്. ഖുഫു ഫറവോയുടെ സ്മാരകമായി നിർമ്മിച്ച ഗിസ പിരമിഡിന്റെ ഉയരം 481 അടിയാണ്.

നീണ്ട പതിന്നാല് വർഷത്തെ പുനഃരുദ്ധാരണത്തിന് ശേഷം 2020 മാർച്ചിൽ ജോസർ പിരമിഡ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. 1930 കളിൽ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ജോസർ പിരമിഡിലേക്ക് സഞ്ചാരികളെ വിലക്കുകയായിരുന്നു. 1992ൽ ഉണ്ടായ ഭൂചലനത്തിൽ ജോസർ പിരമിഡിന് കനത്ത ആഘാതം സംഭവിച്ചിരുന്നു. പിരമിഡിന്റെ നിലനില്പ് ഭീഷണിയിലായതോടെയാണ് 2006ൽ പുനഃരുദ്ധാരണത്തിന് തുടക്കം കുറിച്ചത്.