tvm

തീരെ ചെറുതാണെങ്കിൽ പോലും ഒരു വീടിന്റെ മുൻഭാഗം വൃത്തിയും വെടിപ്പും സൗകര്യവും നിറഞ്ഞതാകണമെന്നു പൊതുവേ സങ്കല്പമുണ്ട്. സംസ്ഥാനത്തിന്റെ കാര്യം വരുമ്പോൾ അതിന്റെ തലസ്ഥാനത്തിനാണ് മറ്റിടങ്ങളെക്കാൾ വർദ്ധിച്ച പ്രാധാന്യവും പകിട്ടും ഉണ്ടാകേണ്ടത്. പേരും പെരുമയുമുള്ള ചരിത്ര നഗരമായിട്ടും തിരുവനന്തപുരത്തിന് ഇതുവരെ തലസ്ഥാന നഗരിയെന്ന നിലയിലുള്ള വികസനവും പുരോഗതിയും വേണ്ടതോതിൽ കൈവന്നിട്ടില്ലെന്ന് പറയേണ്ടിവരും. കാലാകാലങ്ങളായി അധികാരത്തിലിരുന്നവർ നഗരത്തിന്റെ വികസന കാര്യങ്ങളിൽ സവിശേഷ താത്‌പര്യമൊന്നും കാണിക്കാതിരുന്നതു കൊണ്ടാണ് ഇത്തരമൊരു ദുർഗതി ഉണ്ടായതെന്ന് നിസംശയം പറയാം. തലസ്ഥാന വികസനം ലക്ഷ്യം വച്ച് പുത്തൻ പദ്ധതികൾ പലകുറി ആവിഷ്കരിച്ചില്ലെന്നല്ല. നടപ്പാക്കാൻ താത്പര്യം എടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. വികസനമത്രയും നഗരവട്ടത്തിൽ മാത്രം ഒതുങ്ങിയതും തിരിച്ചടിയായി. ടെക്നോപാർക്ക് വന്നില്ലായിരുന്നെങ്കിൽ തലസ്ഥാന നഗരിക്ക് ഇപ്പോൾ കാണുന്ന വികസന മഹിമ പോലും ഉണ്ടാവുമായിരുന്നില്ല. നഗരത്തോടു അടുത്തകാലത്ത് കൂട്ടിച്ചേർത്ത വാർഡുകളുടെ സ്ഥിതി നോക്കിയാലറിയാം സ്ഥിതി എത്രമാത്രം പരിതാപകരമാണെന്ന്.

എറെക്കാലത്തിനുശേഷം ഇത്തവണത്തെ സംസ്ഥാന ബഡ്‌ജറ്റിൽ നഗര വികസനത്തിനായുള്ള നിരവധി പദ്ധതികൾ ഉൾക്കൊള്ളിച്ചു കാണുന്നത് നഗരവാസികൾക്കു മാത്രമല്ല തലസ്ഥാന ജില്ലയിലെ സ്ഥിരതാമസക്കാർക്കും ആഹ്ലാദത്തിനു വകയുള്ളതായി. തലസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 25000 കോടി രൂപ ചെലവു വരുന്ന പദ്ധതികളാണ് ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ നടപ്പാക്കാനാവശ്യമായ പണം ഇനം തിരിച്ച് വകയിരുത്തിയിട്ടില്ലെന്ന ആക്ഷേപം ഒപ്പം തന്നെയുണ്ടെങ്കിലും ആ വഴിക്കു ശ്രമം തുടങ്ങുന്നു എന്നതു തന്നെ ശുഭോദർക്കമാണ്.

പ്രഖ്യാപിക്കപ്പെട്ട വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. ജനങ്ങളിൽ പ്രതീക്ഷ ജനിപ്പിക്കുന്ന സ്വപ്നപദ്ധതികൾ പലതും കടലാസ് വിട്ട് പുറത്തുവരാത്തതാണ് എന്നത്തെയും അനുഭവം. നടപ്പാക്കാൻ ദുഷ്‌കരമായ പദ്ധതികൾ പ്രഖ്യാപിച്ച് വെറുതെ ആശ കൊടുക്കുന്നതിലല്ല, സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്നവ മാത്രം ഏറ്റെടുത്ത് കൈയടി വാങ്ങുന്നതിലാണ് കാര്യം. അതുകൊണ്ട് ഉടനെ നടപ്പാക്കാവുന്ന പദ്ധതികളും ദീർഘകാലംകൊണ്ടു നടപ്പാക്കാനാവുന്ന പദ്ധതികളും എന്ന ക്രമത്തിൽ തരംതിരിവ് ആദ്യമേ ഉണ്ടാകണം. അടുത്ത സാമ്പത്തികവർഷം തീർക്കാൻ കഴിയുന്ന പദ്ധതികൾക്കു മാത്രം ആദ്യം മുൻഗണന നൽകണം. റോഡുകളും വലിയ നിർമ്മിതികളും പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും. എന്നാലും ഒരുവർഷംകൊണ്ടു എത്രമാത്രം പൂർത്തീകരിക്കാനാവുമെന്നതു സംബന്ധിച്ച് കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണം. പൊതുജനങ്ങളുടെ അറിവിലേക്കായി ഓരോ പദ്ധതിയും പൂർത്തിയാവുന്ന വിവിധ ഘട്ടങ്ങൾ പരസ്യപ്പെടുത്തുകയുമാകാം. ആസൂത്രണ വിദഗ്ദ്ധരും സാങ്കേതികജ്ഞരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു മേൽനോട്ട സമിതി ഓരോ വലിയ പദ്ധതിയുടെയും പിന്നിൽ ഉണ്ടായിരിക്കുകയും വേണം. പദ്ധതി നടത്തിപ്പിനിടെ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങൾ അപ്പപ്പോൾ പരിഹരിക്കാൻ മേൽനോട്ട സമിതികൾ മുൻകൈയെടുക്കണം. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ശാപം.

വിഴിഞ്ഞം ബൈപാസിൽ നിന്നു തുടങ്ങി നഗരപ്രാന്തത്തിലൂടെ നിരവധി സ്ഥലങ്ങൾ കടന്നു നാവായിക്കുളത്ത് അവസാനിക്കുന്ന ആറുവരി ഔട്ടർ റിംഗ് റോഡ് എത്രയും വേഗം പൂർത്തിയാക്കേണ്ടത് നഗരവികസനത്തിന് അനുപേക്ഷണീയമാണ്. ജില്ലയുടെ തന്നെ സമഗ്ര വികസനത്തിന് ഇത്തരത്തിലൊരു റോഡ് ഉപകരിക്കും. എഴുപതു മീറ്ററിൽ നിർമ്മിക്കുന്ന ഈ റോഡ് നിരവധി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതിനാൽ അതിവേഗത്തിലുള്ള വികസനം അവിടങ്ങളിലെല്ലാം സാദ്ധ്യമാവുകയും ചെയ്യും. അടിസ്ഥാന സൗകര്യവികസനമാണ് എവിടെയും അതിശീഘ്രം പുരോഗതി കൊണ്ടുവരുന്നത്. അഞ്ഞൂറ് ഹെക്ടർ ഭൂമിയാണ് ഔട്ടർ റിംഗ് റോഡിനു വേണ്ടിവരിക. 2829 കോടി രൂപ ഇതിനായി മാത്രം ചെലവാകും. സംസ്ഥാനം ഇതിന്റെ പകുതി മുടക്കിയാൽ മതി. റോഡ് നിർമ്മാണച്ചെലവ് 4868 കോടി രൂപയാകും. കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുന്നതാകയാൽ നിർമ്മാണച്ചെലവ് കേന്ദ്രം വഹിച്ചുകൊള്ളും. ആറുവരി പാതയ്ക്ക് ഇരുവശവും പതിനായിരം ഏക്കറിൽ വിജ്ഞാന കേന്ദ്രങ്ങൾ, വ്യവസായ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവ നിലവിൽ വരുന്നതോടെ തിരുവനന്തപുരം ഇതുവരെ കണ്ടിട്ടില്ലാത്ത വികസന പദ്ധതികൾക്കാകും സാക്ഷിയാവുക. തുടങ്ങിവച്ച മറ്റു വികസന പദ്ധതികൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയുണ്ടായാൽ വലിയ നേട്ടമാകും. സ്വീവേജ്, കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, നഗര റോഡുകളുടെ വികസനം പൊതുഇടങ്ങളുടെ സംരക്ഷണം മുതലായ ജനോപകാര പദ്ധതികൾ സമയ പട്ടിക തയ്യാറാക്കി പൂർത്തീകരിക്കണം.

നഗരവികസനത്തിൽ സുപ്രധാന സ്ഥാനമുള്ള വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയുടെ കാര്യത്തിലും വേണം സവിശേഷ ശ്രദ്ധ. സ്വകാര്യവത്‌കരണ പ്രശ്നത്തിൽ വിമാനത്താവള വികസനം രണ്ടുവർഷമായി സ്തംഭിച്ചുനിൽക്കുകയാണ്. ദുർവാശി വെടിഞ്ഞ് എയർപോർട്ട് നടത്തിപ്പ് കരാർ കമ്പനിയെ ഏല്പിക്കുന്നതുകൊണ്ട് സർക്കാരിന് ഒന്നും നഷ്ടപ്പെടാനില്ലെന്ന് മനസിലാക്കണം. മറിച്ച് ലാഭമേയുള്ളൂ. നടത്താൻ അറിയാവുന്നവർ ഏറ്റെടുത്തു കഴിഞ്ഞാൽ മൊത്തം നഗരത്തിനും അതിന്റെ പ്രയോജനം ലഭിക്കും. ഇപ്പോഴത്തെ നടത്തിപ്പുകാരുടെ കീഴിൽ തിരുവനന്തപുരം വിമാനത്താവളം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയും ദുർഗതിയും പറയാതിരിക്കുകയാവും ഭേദം. രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാൻ പോലും അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരു മാത്രമേയുള്ളൂ.

അതുപോലെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാവശ്യമായ സഹായം സർക്കാർ ചെയ്തുകൊടുക്കണം. എത്രയോ മുൻപേ തന്നെ പുതിയ വിഴിഞ്ഞം തുറമുഖത്ത് കപ്പൽ അടുക്കേണ്ടതായിരുന്നു. താത്‌പര്യക്കുറവാണ് പണി അനിശ്ചിതമായി നീണ്ടുപോകാൻ ഇടയാക്കിയത്.

കരമന - കളിയിക്കാവിള റോഡ് വികസനം, ശംഖുംമുഖം നവീകരണം, റെയിൽവേയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ, കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം ടെർമിനൽ, പൈതൃക മന്ദിരങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും നവീകരണം തുടങ്ങി അനവധി പദ്ധതികൾ തലസ്ഥാന വികസനത്തിൽ വരുന്നുണ്ട്. ഒറ്റയടിക്ക് ഏറ്റെടുക്കുന്നതിനു പകരം ഓരോ വർഷവും ഏറ്റെടുത്തു പൂർത്തിയാക്കാനാവുന്നവ മാത്രം എടുത്തു നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. പുതിയ ബഡ്‌ജറ്റിൽ തലസ്ഥാന നഗരത്തോടു ധനമന്ത്രി ഡോ. തോമസ് ഐസക് കാണിച്ച കരുതലും അനുഭാവവും പാഴായില്ലെന്നു തെളിയിക്കേണ്ടത് കാലം തന്നെയാണ്.