photo

പാലോട്: ഇരു വൃക്കകളും തകരാറിലായ നന്ദിയോട് പച്ച നല്ലാം കോട്ടുകോണം വാഴവിള വീട്ടിൽ വിഷ്ണു (33)വിന്റെ ചികിത്സയ്ക്കായി ഒരു നാട് ഒന്നിക്കുന്നു. നന്ദിയോട് ജംഗ്ഷനിലെ കൊച്ചുമുറിയിൽ ബാർബർ തൊഴിലാളിയാണ് വിഷ്ണു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിഷ്ണുവിന്റെ ചികിത്സയ്ക്കായി പത്ത് ലക്ഷം രൂപയോളം വേണ്ടിവരും. അമ്മ വൃക്ക നൽകാൻ സന്നദ്ധയായി പരിശോധനകൾ പൂർത്തിയാക്കിയെങ്കിലും വിഷ്ണുവിന്റെ ശരീരവുമായി യോജിക്കാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഇനി സഹോദരൻ വൃക്ക നൽകാൻ സന്നദ്ധനാണ്. അതിന്റെ പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. വിഷ്ണു കിടപ്പിലായതോടെ അമ്മയും ഭാര്യയും മകനും അനുജനും അടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. വിഷ്ണുവിന്റെ വരുമാനത്തിൽ കഴിഞ്ഞിരുന്ന കുടുംബം എന്തു ചെയ്യണമെന്നറിയാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ്. ആകെയുള്ളത് പത്ത് സെന്റ് വസ്തുവും ഒരു ചെറിയ വീടും മാത്രമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റും, പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും കൂടാതെ വിവിധ വാട്സ് ആപ്പ് കൂട്ടായ്മകളും വിഷ്ണുവിന്റെ ചികിത്സക്കായി ധനസമാഹരണത്തിന് ശ്രമിക്കുന്നുണ്ട്. ഇനിയും സുമനസ്സുകൾ കനിയണം. സഹായമെത്തിക്കാനായി പാലോട് ഐ.ഒ.ബി യിൽ വിഷ്ണുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 026901000021641,​ ഐ.എഫ്.എസ്.സി. കോഡ്: IOBA 0000269,​ ഫോൺ: 9946305509