v-d-satheeshan-mla

തിരുവനന്തപുരം:സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ തലമുറമാറ്റം അനിവാര്യമാണെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പുത്തൻനിരയ്ക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥാനാർത്ഥി പട്ടിക കോൺഗ്രസിൽ ഉണ്ടാകില്ലെന്നും അത് സമ്മതിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ഇരുപത് വർഷമായി തലമുറമാറ്റം ഉണ്ടാകാതെ നിശ്ചലമായി നിൽക്കുകയാണ്.തന്നേപ്പോലുള്ളവർക്ക് സീറ്റ് കിട്ടിയെന്നതല്ലാതെ മുകൾത്തട്ടിലെ നേതാക്കൾക്ക് അവരുടെ ചെറുപ്പകാലത്ത് കിട്ടിയ സീറ്റുകൾ ഇപ്പോഴത്തെ തലമുറയ്ക്കു കിട്ടുന്നില്ല .

അന്ന് അറുപത് വയസുള്ള തലമുറയെ കടൽക്കിഴവൻമാരെന്ന് വിളിച്ചവരാണ് ഇപ്പോൾ നേതൃത്വത്തിലുള്ളത്. ഇപ്പോഴുള്ളവർ കടൽക്കിഴവൻമാരായോ എന്ന ചോദ്യത്തിന് അത് അവർ ആത്മപരിശോധന നടത്തി തീരുമാനിക്കട്ടേയെന്നായിരുന്നു മറുപടി. അവരുടെ ഇപ്പോഴത്തെ പ്രായത്തിൽ താൻ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.

രണ്ടാം നിരയെ

കാണാതിരിക്കരുത്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ 60 ശതമാനത്തിനു മീതെ പുതിയ സ്ഥാനാർത്ഥികളായിരിക്കും. സ്‌ത്രീകൾക്കും പിന്നാക്കക്കാർക്കും അടക്കം തുല്യപ്രാതിനിധ്യമുണ്ടാകും. അല്ലാത്തൊരു പട്ടിക വരാതിരിക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടാകും. കോൺഗ്രസിൽ ഒരു രണ്ടാം തലമുറയുണ്ടെന്നും അതാരും കാണാതെ പോകരുതെന്നും സതീശൻ തുറന്നടിച്ചു. പാർട്ടി തകർന്നുപോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുവരാനാണ് അവർ ശ്രമിക്കുക.ആ ശബ്‌ദം ഉയർന്നുവരും. പഴയ തലമുറ കലാപം ഉണ്ടാക്കിയാണ് മുൻതലമുറയെ പുറത്താക്കിയത്. അവർ വലിയ യുദ്ധം നടത്തിയത് കോൺഗ്രസിന് നല്ല ആരോഗ്യം ഉള്ളപ്പോഴായിരുന്നു.ഇക്കാര്യത്തിൽ ബഹളങ്ങളില്ലാതെ ഒരു നിശബ്ദ വിപ്ളവം കോൺഗ്രസിൽ നടക്കുമെന്നും സതീശൻ പറഞ്ഞു. അത് കൊട്ടാരവിപ്ളവമാണോ സർജിക്കൽ സ്ട്രൈക്ക് ആണോയെന്ന ചോദ്യത്തിന് സർജിക്കൽ സ്ട്രൈക്കായിരിക്കുമെന്നായിരുന്നു സതീശന്റെ മറുപടി.രണ്ടാം തലമുറയെ ചേർത്തുപിടിച്ചു പോകാനാണ് നേതൃത്വത്തിലിരിക്കുന്നവർ ശ്രമിക്കേണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്ളസ് കൊണ്ടല്ല യു.ഡി.എഫിന്റെ മൈനസ് കൊണ്ടാണ് പ്രതീക്ഷിച്ച വിജയം ഉണ്ടാകാതിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് രാത്രി 8 മണിക്ക് കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യും.