കൊല്ലം: ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എം.എൽ.എയുടെ പി.എ കോട്ടാത്തല പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് പ്രവർത്തകർ തല്ലിയ സംഭവത്തിൽ ഏഴുപേർക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തു.
കോട്ടാത്തല പ്രദീപ് കുമാർ, വിഷ്ണു, കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെയും എം.എൽ.എയെ തടഞ്ഞ് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരായ സുബിൻ, സുധീഷ് കുമാർ, രാജേഷ് കുമാർ എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു തുടക്കം. കുന്നിക്കോട് കോക്കാട് ക്ഷീരോത്പാദക സംഘത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് എം.എൽ.എ എത്തിയത്. ചടങ്ങിൽ നിന്ന് വാർഡ് മെമ്പറെ ഒഴിവാക്കിയതിൽ നേരത്തേതന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പ്രദേശത്ത് പോസ്റ്റർ പ്രചാരണവും നടത്തിയിരുന്നു.
എം.എൽ.എയുടെ വാഹനം എത്തിയതോടെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി വാഹനം തടഞ്ഞതോടെയാണ് എം.എൽ.എയുടെ വാഹനത്തിലുണ്ടായിരുന്ന പ്രദീപ് കുമാറും മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മറ്റ് പ്രവർത്തകരും ചേർന്ന് പ്രതിഷേധക്കാരെ അടിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രദീപ്.