pablo-escobar

പാബ്ലോ എസ്കോബാർ... ലോകത്തെ വിറപ്പിച്ച ഈ കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. കൊക്കെയ്ൻ കടത്തിലൂടെ ലോകകോടീശ്വരനായ എസ്കോബാർ ഒരുകാലത്ത് യു.എസിനേയും ലാറ്റിനമേരിക്കയേയും അടക്കി ഭരിച്ച ഡ്രഗ് ലോർഡ് ആയിരുന്നു. 70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് പാബ്ലോ എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡെലിൻ കാർട്ടൽ എന്ന മാഫിയ സംഘടന ആയിരുന്നു. എസ്കോബാർ കൊല്ലപ്പെട്ടിട്ട് 27 വർഷങ്ങൾ പിന്നിട്ടു.

പക്ഷേ, ഇന്നും എസ്കോബാറിന്റെ പേര് മഗ്ദലീന നദീ തീരത്തെ ജനങ്ങൾക്ക് മറക്കാനാകില്ല. ഭീതിയോടെ ഇന്നും ആ പേര് അവർ ഓർക്കാൻ കാരണം ഒരു കൂട്ടം ഹിപ്പോപ്പൊട്ടാമസുകളാണ്. 1980 കാലഘട്ടത്തിൽ എസ്കോബാർ നാല് ഹിപ്പോകളെ തന്റെ നാടായ കൊളംബിയയിലേക്ക് കടത്തിക്കൊണ്ടുവന്നു. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിലേക്ക് ഹിപ്പോകളുടെ രംഗപ്രവേശം തന്നെ ഇങ്ങനെയാണ്. മെഡെലിൻ നഗരത്തിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്യൂർട്ടോ ട്രിയുൻഫോയിലെ 'ഹസീന്ദ നേപ്പിൾസ് ' എന്ന എസ്കോബാറിന്റെ ആഡംബര എസ്‌റ്റേറ്റിലെ സ്വകാര്യ മൃഗശാലയിലാണ് ഹിപ്പോകൾ വളർന്നത്.

എസ്കോബാറിന്റെ മരണശേഷം എസ്‌റ്റേറ്റും മൃഗശാലയുമെല്ലാം കൊളംബിയൻ ഭരണകൂടം പിടിച്ചെടുത്തു. ഹിപ്പോകളെ ഇവിടെ നിന്നും മാറ്റാൻ ശ്രമം നടന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പിന്നീട് എസ്കോബാറിന്റെ എസ്‌റ്റേറ്റിലും മഗ്ദലീന നദീ തീരത്തുമൊക്കെയായി ഈ ഹിപ്പോകളുടെ ജീവിതം. നാല് പേരുണ്ടായിരുന്ന ഹിപ്പോ സംഘം ഇന്ന് എൺപതോളമായി പെരുകിയിരിക്കുകയാണ്. എസ്കോബാറിനെ പോലെ തന്നെ ആരെയും കൂസാത്ത ഈ ഹിപ്പോകൾ നാട്ടുകാർക്ക് തലവേദനയാണ്. മനുഷ്യരെ ആക്രമിക്കാനും ഇവർക്ക് മടിയില്ല.

ആക്രമണകാരികളായ ഈ ഹിപ്പോകളെ തളയ്ക്കാനായി റേഞ്ചർമാർ ഓടുന്ന ഓട്ടം ചില്ലറയല്ല. ഹിപ്പോകൾ അമിതമായി പെരുകുന്നത് ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. 2040 ഓടെ കൊളംബിയയിലെ ' അനധികൃത കുടിയേറ്റക്കാരായ ' ഈ ഹിപ്പോ സംഘത്തിന്റെ എണ്ണം 1,500 കവിയുമെന്ന് പഠന റിപ്പോർട്ടുകൾ പ്രവചിക്കുകയുണ്ടായി.

എണ്ണം നിയന്ത്രിക്കാൻ ഗവേഷക സംഘം ഹിപ്പോകളിൽ വന്ധ്യംകരണ നടപടികൾ നടത്തുന്നുണ്ട്. എന്നാൽ ഈ ഹിപ്പോകൾ കൊളംബിയയുടെ ആവാസവ്യവസ്ഥയിലേക്ക് വൈവിദ്യങ്ങൾ മടക്കിക്കൊണ്ടു വരാൻ സഹായിക്കുന്നതായി വാദിക്കുന്നവരുമുണ്ട്. അതേ സമയം, ആഫ്രിക്കയിൽ ഭൂരിഭാഗം പേരും ഹിപ്പോകളെ ഭീതിയോടെ കാണുമ്പോൾ ഹിപ്പോകളെ ഇഷ്ടപ്പെടുന്നവരുണ്ട് കൊളംബിയയിൽ. ഹിപ്പോകളുടെ ചിത്രമുള്ള ടി - ഷർട്ടുകളും മറ്റും ഇവിടുത്തെ കടകളിൽ സുലഭമായി ലഭിക്കും.