വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ആരോഗ്യപ്രവർത്തകർ, പാരാമെഡിക്കൽ ലാബ് ടെക്നീഷ്യൻമാർ, ആശാവർക്കർമാർ അടക്കം 81 പേർക്കാണ് ഇന്നലെ വാക്സിനേഷൻ നൽകിയത്. നൂറ് പേർക്കുള്ള വാക്സിനാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരു മണിക്കൂർ ഇടവിട്ട് 25 പേർക്ക് വീതം മരുന്ന് നൽകി. വാക്സിൻ സ്വീകരിച്ച ആർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കൊവിഡ് ഡ്യൂട്ടിക്ക് പോയ ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷനിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല. ഇവർക്ക് മറ്റാരു ദിവസം മരുന്ന് വിതരണം നടത്തുമെന്ന് മെഡിക്കൽ ഒാഫീസർ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ കീഴിൽ ആകെ 117 പേരാണ് ജോലി നോക്കുന്നത്. 117 പേരുകൾ രജിസ്റ്റർ ചെയ്തെങ്കിലും 100 പേർക്കുള്ള വാക്സിനാണ് എത്തിയത്. ശേഷിച്ചവർക്ക് ഇൗയാഴ്ച തന്നെ വാക്സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിൻ വിതരണത്തിന് മുന്നോടിയായി കെ.എസ്. ശബരിനാഥൻ എം.എൽ.എ ആശുപത്രിയിലെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.ശശി, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, എന്നിവർ നേതൃത്വം നൽകി.