akg

തിരുവനന്തപുരം: സോഷ്യലിസ്റ്റ് പ്രതാപം വീണ്ടെടുത്ത് ഇടതുമുന്നണിയിൽ മൂന്നാമത്തെയോ നാലാമത്തെയോ ശക്തിയാകാമെന്ന കണക്കുകൂട്ടലോടെ ജനതാദൾ എസുമായി ലയന ചർച്ച തുടങ്ങിയെങ്കിലും ലോക് താന്ത്രിക് ജനതാദളിന് വീണ്ടുവിചാരം. കഴിഞ്ഞ ദിവസം എൽ.ജെ.ഡിയുടെ നേതൃയോഗം നടന്നിരുന്നു. തുടർന്നാണ് നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത തേടി സി.പി.എം നേതൃത്വത്തെ സമീപിച്ചത്.

എൽ.ജെ.ഡി നേതാക്കൾ കഴിഞ്ഞ ദിവസമാണ് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ടത്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും ഒഴിച്ചുള്ള എൽ.ഡി.എഫിലെ പുതിയ ഘടകകക്ഷികളെല്ലാം 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കൊപ്പം മത്സരിച്ചവരാണ്. അവരുടെ സീറ്റുകളുടെ കാര്യത്തിൽ അതിനാൽ വ്യക്തതയുമുണ്ട്.

ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് എത്ര സീറ്റ്ലഭിക്കും അവ ഏതൊക്കെ എന്ന കാര്യത്തിൽ ഇപ്പോഴേ വ്യക്തത വേണമെന്ന് എൽ.ജെ.ഡി ആവശ്യപ്പെട്ടത്. അങ്ങനെ വ്യക്തത ലഭിച്ചാലേ സ്ഥാനാർത്ഥിക്കാര്യത്തിലടക്കം മുന്നൊരുക്കം നടത്താനാവൂ എന്നും എം.വി. ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരിസും സി.പി.എം നേതാക്കളോട് പറഞ്ഞു.

എന്നാൽ മുന്നണി നേതൃത്വം സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാത്തതിനാൽ വ്യക്തമായ ഉറപ്പ് സി.പി.എം നൽകിയില്ല. മാദ്ധ്യമങ്ങളിൽ വരുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും വൈകാതെ ഉഭയകക്ഷി ചർച്ചകളിലേക്ക് കടക്കാമെന്നും നേതാക്കൾ സൂചിപ്പിച്ചതായാണ് വിവരം. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് പിന്നാലെ അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേർന്ന് പ്രാരംഭചർച്ചയിലേക്ക് കടന്നേക്കും. ഏഴ് സീറ്റുകളെങ്കിലും ആവശ്യപ്പെടണമെന്നാണ് എൽ.ജെ.ഡിയിൽ ആലോചനയുള്ളത്. എന്നാൽ സി.പി.എം അത്തരം ചർച്ചകളിലേക്ക് കടക്കാത്തതിനാൽ കഴിഞ്ഞ ദിവസം നേതാക്കൾ ഇക്കാര്യം ഉന്നയിച്ചില്ല.

ജനതാദൾ ഗ്രൂപ്പുകളുടെ ലയനത്തിന് ഇരു നേതൃത്വങ്ങളും തത്വത്തിൽ ധാരണയായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സ്ഥിതിക്ക് പെട്ടെന്നൊരു തീരുമാനത്തിന് പ്രായോഗികബുദ്ധിമുട്ടുകളുണ്ടാകാമെന്ന് കഴിഞ്ഞ ദിവസത്തെ തൃശൂർ യോഗത്തിൽ എൽ.ജെ.ഡിയിൽ അഭിപ്രായമുയർന്നു. മാത്രമല്ല കർണാടകയിൽ ജെ.ഡി.എസ് നേതൃത്വത്തിൽ നിന്ന് ഇടയ്‌ക്കിടെ ബി.ജെ.പി അനുകൂല നിലപാടുകളുണ്ടാകുന്നതും പിന്നീട് ബാദ്ധ്യതയായി മാറിയാലോ എന്ന ആശങ്കയും യോഗം പങ്കുവച്ചു. ഇതേത്തുടർന്നാണ് താത്കാലികമായുള്ള പിന്മാറ്റമെന്നാണ് സൂചന. എന്നാൽ, ലയനനീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ജെ.ഡി.എസ് തീരുമാനം.