covid-vaccine

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ കുത്തിവയ്പ് നടത്തുന്നവർക്ക് മദ്യം കഴിക്കാമോ? സോഷ്യൽ മീഡിയയിൽ ഇന്നലെ നിറഞ്ഞ സംശയമായിരുന്നു ഇത്. ചോദ്യം ഉന്നയിച്ചിരിക്കുന്നത് മദ്യസേവകരും. കഴിക്കാമെന്നോ ഇല്ലെന്നോ ആരോഗ്യ വകുപ്പ് ഇതുവരെ അറിയിപ്പ് നൽകാതായതോടെയാണ് സംശയങ്ങൾ ഉന്നയിച്ചുള്ള ചോദ്യങ്ങൾ കുന്നുകൂടിയത്.വാക്‌സിൻ സ്വീകരിച്ചവർക്ക് മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. ബാറുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ബെവ്കോ ആപ്പ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തിലാണ് സംശയനിവാരണവുമായി മദ്യസേവകരിറങ്ങിയത്. ആരോഗ്യ വകുപ്പിൽ നിന്ന് ഉത്തരമില്ലാതായതോടെ പലരും വാക്സിൻ എടുക്കുന്ന കാര്യം പിന്നെ തീരുമാനിക്കാമെന്ന നിലപാടിലാണ്.വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കാൻ പാടില്ലെന്ന് കഴിഞ്ഞ മാസം റഷ്യയുടെ ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യം കഴിക്കാൻ പാടുള്ളതല്ലെന്നായിരുന്നു റഷ്യ അറിയിച്ചത്. വാക്‌സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പും വാക്‌സിൻ സ്വീകരിച്ചതിനുശേഷമുള്ള 42 ദിവസവും മദ്യം കഴിക്കാൻ പാടില്ലെന്നാണ് റഷ്യൻ വിദഗ്ദ്ധർ പറയുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.