rail

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്‌പീഡ് റെയിലിന് ഭൂമിയേറ്റെടുക്കാൻ പ്രത്യേക സെല്ലുകൾ രൂപീകരിച്ച് ഉത്തരവ് അടുത്തയാഴ്ചയിറങ്ങും. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അടുത്തയാഴ്ച ഭരണാനുമതിയാവും.

അന്താരാഷ്ട്ര ഏജൻസികളായ എ.ഡി.ബി, ജൈക്ക,എ.ഐ.ഐ.ബി എന്നിവ വായ്പ അനുവദിക്കണമെങ്കിൽ

എൺപതു ശതമാനമെങ്കിലും ഭൂമി ഏറ്റെടുത്തിരിക്കണം. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതിയുണ്ടെങ്കിൽ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കാൻ വ്യവസ്ഥയുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുംമുമ്പ് ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്.

11 ജില്ലകളിലായി 1226ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന് ചുരുങ്ങിയത് രണ്ടുവർഷമെടുക്കും. പതിനൊന്ന് ജില്ലകളിലൂടെ 529.45കിലോമീ​റ്ററിലാണ് റെയിൽപാത.

അലൈൻമെന്റും പദ്ധതിചെലവും സംബന്ധിച്ച് കൊച്ചിയിലെ റെയിൽവേ ചീഫ്എൻജിനിയർ ഓഫീസ് കഴിഞ്ഞ ജൂണിൽ ഉന്നയിച്ച സംശയങ്ങൾക്ക് കെ-റെയിൽ അന്നുതന്നെ മറുപടി നൽകിയിരുന്നു. ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും പിന്നീട് സംശയങ്ങളുന്നയിച്ചില്ല. നീതിആയോഗിന്റെ ചില പരാമർശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാരിന്റെ റൈറ്റ്സ് ഏജൻസിയെ കെ-റെയിൽ നിയോഗിച്ചിട്ടുണ്ട്. അടുത്തയാഴ്ച നീതിആയോഗിനും വിശദീകരണം നൽകും.

വിപണിവിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകിയാണ് ഭൂമിയേറ്റെടുക്കുകയെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ പറഞ്ഞു.

അതിവേഗറെയിലിന് 15മുതൽ 25മീ​റ്റർ വീതിക്കുള്ള സ്ഥലം മതി. നെൽപാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88കിലോമീ​റ്ററിൽ ആകാശപാതയുണ്ട്. കോഴിക്കോട് നഗരത്തിൽ തുരങ്കത്തിലൂടെ കടന്നുപോകും.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോയുടെ പദ്ധതിരേഖ കേന്ദ്രത്തിന് അയച്ചിട്ടില്ലെങ്കിലും ഡിപ്പോയ്ക്കും ശ്രീകാര്യം,ഉള്ളൂർ, പട്ടം ഫ്ലൈഓവറുകൾക്കും സ്ഥലമെടുക്കുകയാണ്.

പദ്ധതിചെലവ്

63,941കോടി

വിദേശവായ്പ

33,700കോടി

ഭൂമിയെടുപ്പ്, നഷ്ടപരിഹാരം

13,265കോടി

പൊളിക്കേണ്ട കെട്ടിടങ്ങൾ

9,000

റെയിൽവേയുടെ വിഹിതം

2150കോടി