1

പോത്തൻകോട്: ഏഴ് പതിറ്റാണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് പൊളിച്ച് മാറ്റി. പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പണികൾ എങ്ങുമെത്താതെ ആയതോടെ പെട്ടത് നാട്ടുകാർ. പാലം പൊളിച്ചതോടെ നാട് ചുറ്റിത്തിരിഞ്ഞുവേണം ആളുകൾക്കിപ്പോൾ പുറംലോകത്തെത്താൻ. വർഷങ്ങളുടെ കഥകൾ പേറുന്ന പാലം അപകടാവസ്ഥയിലായതോടെയാണ് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ പുതിയ പാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം പതിനാറാം മൈൽ -വേങ്ങോട് -സായിഗ്രാമം -മങ്ങാട്ടുമൂല റോഡിന്റെ പുനരുദ്ധാരണവും പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു.

 8 കോടിയുടെ പാലം

പാലം പൊളിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ പതിനാറാം മൈലിൽ നിന്ന് മുറിഞ്ഞ പാലം വഴി വെങ്ങോട്ടേക്കുള്ള ഗതാഗതം നിരോധിച്ചിരുന്നു. പഴയ പാലം പൊളിച്ചുമാറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ഷെഡും കമ്പിയും ഇറക്കിയിട്ടെങ്കിലും മറ്റ് ജോലികളൊന്നും ഇതുവരെ തുടങ്ങിയില്ല. 8 കോടിയാണ് പുതിയ പാലത്തിനായി ചെലിവടുന്നത്.

1950 നു മുമ്പാണ് മുറിഞ്ഞപാലം പണികഴിപ്പിക്കുന്നത്. കെ.ആർ.ഇലങ്കത്ത് എം.എൽ.എ.ആയിരുന്നപ്പോൾ നിർമ്മിച്ചതാണ് ഈ പാലം. പാലം നിർമ്മിക്കുന്നതിന് മുമ്പ് വർഷകാലത്ത് തോടിന് കുറുകെയുള്ള യാത്ര ഏറെ ക്ളേശകരമായിരുന്നു. തുടർന്ന് തുടക്കത്തിൽ ചെറിയ ഒരു പാലം പണിയുകയും അടുത്ത് മഴക്കാലത്ത് അത് ഒലിച്ചുപോവുകയും ചെയ്തതിനെത്തുടർന്നാണ് ഈ പാലത്തിന് മുറിഞ്ഞപാലം എന്ന പേര് ലഭിച്ചത്. തുടർന്ന് നിർമ്മിച്ച പാലമാണ് ഇപ്പോൾ പൊളിച്ചത്.

പാലം ഇല്ലാതായതോടെ പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു.അതോടെ ഈ ഭാഗത്തേക്കുള്ള യാത്രകൾ അധികൃതർ വഴി തിരിച്ച് വിടുകയായിരുന്നു. അതോടെ മുറിഞ്ഞ പാലത്തെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി. കുറവിളാകം പാലം വഴി ചെമ്പകമംഗലം -വാളക്കോട്-സായിഗ്രാമം റോഡ് വഴി ചുറ്റിത്തിരിഞ്ഞാണ് വാഹനയാത്രക്കാർ ഇപ്പോൾ ദേശിയ പാതയിലും ആറ്റിങ്ങൽ ഭാഗത്തും എത്തുന്നത്. വേങ്ങോടിനും മുറിഞ്ഞപാലത്തിനുമിടയിലെ താമസക്കാർക്ക് ദേശീയ പാതയിൽ എത്താൻ കാൽനട തന്നെ ആശ്രയം. മുറിഞ്ഞപാലത്തിനും പതിനാറാംമൈലിനും ഇടയ്ക്ക് താമസിക്കുന്നവർക്ക് ഇപ്പോൾ യാത്രാസൗകര്യങ്ങളില്ല. പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്നവർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് വന്നുചേർന്നത്. കൂടാതെ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും നിലച്ചു. തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളും ഇടയാവണം ക്ഷേത്രവും മുറിഞ്ഞ പാലത്തിന് സമീപത്താണ് സ്ഥിതിചെയ്യന്നത്.

മുറിഞ്ഞ പാലത്തെ പാലം പണിയും പതിനാറാം മൈൽ -വേങ്ങോട്‌ -മങ്കാട്ടുമൂല റോഡ് പണിയും ഉടൻ പൂർത്തിയാക്കും. ആകെ എട്ടുകോടി രൂപയുടെ നിർമ്മാണ പ്രവർത്തങ്ങളാണ് നടക്കുന്നത്. റോഡിന് 6 കോടിയും പാലത്തിന് 2 കോടിയും ആണ് ചെലവ് - വി.ശശി,​ ഡെപ്യൂട്ടി സ്‌പീക്കർ