തിരുവനന്തപുരം: വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്ന 125 പട്ടികവർഗ യുവതീയുവാക്കൾ പൊലീസ് സേനയിൽ നിയമനശുപാർശയായി. പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലുള്ള പ്രാക്തന ഗോത്രവിഭാഗത്തിലുൾപ്പെട്ടവർക്കാണ് പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ നിയമന ശുപാർശ കൈമാറിയത്.
പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് എഴുത്തുപരീക്ഷ ഒഴിവാക്കി കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വിജ്ഞാപനം ചെയ്ത് എട്ടുമാസത്തിനുള്ളിൽ ഈ പ്രത്യേക തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
വയനാട് ജില്ലയിൽ നിന്നുളള 85 പേരുടെ നിയമന ശുപാർശയിൽ 65 പുരുഷ പൊലീസ് കോൺസ്റ്റബിൾമാരും 20 വനിതാ പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് എട്ട് പുരുഷ കോൺസ്റ്റബിൾമാരെയും ഏഴ് വനിതാ പൊലീസ് കോൺസ്റ്റബിൾമാരെയും, പാലക്കാട് ജില്ലയിൽ നിന്ന് 17 കോൺസ്റ്റബിൾമാരെയും എട്ട് വനിതാ കോൺസ്റ്റബിൾമാരെയും നിയമനശുപാർശ ചെയ്തു. 2020 മേയ് മാസത്തിലെ വിജ്ഞാപനപ്രകാരമാണ് ഈ തസ്തികയുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്.