കൊവിഡിനെതിരെ പ്രതിരോധം തീർക്കാനെത്തിയ വാക്‌സിൻ സ്വീകരിക്കാൻ വേണ്ടത് ഏകദേശം 40മിനിട്ട്. ഇതിൽ 30മിനിട്ട് വാക്സിൻ എടുത്തശേഷമുള്ള നിരീക്ഷണമാണ്. തുടക്കത്തിൽ മറ്റുനടപടികൾക്കാണ് 10മിനിട്ട്. വാക്‌സിൻ വിതരണത്തിന്റെ ആദ്യദിനത്തിൽ തലസ്ഥാനത്ത് ജില്ലാതല ഉദ്ഘാടനം നടന്ന പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ആദ്യം വാക്‌സിൻ സ്വീകരിച്ചത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാബീവിയാണ്. 11.15ന് തുടങ്ങിയ നടപടി 12ന്പൂർത്തിയായി.
സമയം 11.14
വാക്‌സിൻ സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യസ ഡയറക്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിന് മുന്നിലെത്തി. മുറിയ്‌ക്ക് മുന്നിൽ നിന്ന രണ്ട് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് കാണിച്ച് ബോധിപ്പിച്ചു. തുടർന്ന് ഡയറക്ടറുടെ കൈകളിൽ സാനിറ്റൈസർ ഒഴിച്ചു. ശരീരോഷ്മാവും ഓക്‌സിജൻ അളവും പരിശോധിച്ച ശേഷം മുറിലേക്ക് പ്രവേശിപ്പിച്ചു.
11.18
രജിസ്റ്ററിൽ പേരും വിവരങ്ങളും രേഖപ്പെടുത്തി. വാക്‌സിനായി കേന്ദ്രസർക്കാരിന്റെ പോർട്ടലിൽ നൽകിയവിവരങ്ങൾ സമാനമാണെന്ന് ഉറപ്പിച്ചു.
11.20
നേരെ കുത്തിവയ്പ് മുറിയിലേക്ക് (മാറ്റാരും ഇല്ലാത്തതിനാൽ കാത്തിരിക്കേണ്ടിവന്നില്ല). സ്റ്റോറേജ് ബോക്‌സ് തുറന്ന് മരുന്ന് പുറത്തെടുത്തു. ആദ്യ ഡോസ് കുത്തിവച്ചു.
11.25
നിരീക്ഷണമുറിയിലെ കസേരയിലിരുത്തി. ബാത്ത് അറ്റാച്ച്ഡ് മുറിയിൽ കിടക്കാനുള്ള സൗകര്യവുമുണ്ട്.
11.55
നിരീക്ഷണമുറിയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ചരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി അനുഭവം പങ്കുവച്ചു.