തിരുവനന്തപുരം: കടഭാരം വർദ്ധിക്കുന്ന സർക്കാരിന്റെ ബാദ്ധ്യത ലഘൂകരിക്കാൻ ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടണമെന്ന് എക്സ്പെൻഡിച്ചർ കമ്മിറ്രി ശുപാർശ ചെയ്തു. അതല്ലെങ്കിൽ 56 വയസിൽ പിരിയുന്ന ജീവനക്കാർക്ക് അപ്പോൾ ആനുകൂല്യങ്ങൾ നൽകാതെ നാല് വർഷത്തേക്ക് പുനർനിയമനം പരിഗണിക്കാമെന്നും ആ കാലയളവിന് ശേഷം ആനുകൂല്യങ്ങൾ നൽകാമെന്ന നിർദ്ദേശവും കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
ഗിഫ്റ്ര് മുൻ ഡയറക്ടർ ഡി.നാരായണയുടെ കമ്മിറ്രി കഴിഞ്ഞ ആഴ്ചയാണ് ധനമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഡോ.നിർമ്മല പദ്മനാഭൻ, ഡോ. ഡി. ഷൈജൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വച്ചു.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം പ്രതീക്ഷിച്ചിരിക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വരുമാനം വർദ്ധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. സംസ്ഥാനം ഗുരുതര കടഭാരത്തിലാണ്. പബ്ലിക് അക്കൗണ്ടിലെ കടം നിയന്ത്രിക്കണം. കടമെടുപ്പ് പരിധി ജി.ഡി.പിയുടെ 3 ശതമാനത്തിനുള്ളിലാണന്ന് ഉറപ്പാക്കണം. പൊതുകടം രണ്ടേമുക്കാൽ ലക്ഷം കോടി ആയി. ഓരോ വർഷവും കടം കൂടുമ്പോൾ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാദ്ധ്യതയുണ്ടെന്നും കമ്മിറ്രി ചൂണ്ടിക്കാട്ടി. .
റവന്യൂ ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാനാണ് ഉപയോഗിക്കുന്നത്. പണമില്ലാത്തതിനാൽ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കാനാവുന്നില്ല. കേരളത്തിന്റെ സാമ്പത്തിക വളർച്ച താഴോട്ടാണ്. ഏഴ് വർഷത്തെ കണക്കിൽ റവന്യൂ ചെലവ് 13.34% വർദ്ധിച്ചപ്പോൾ റവന്യൂ വരുമാനം വളരുന്നത് 10% മാത്രമാണ്. പലിശ ചെലവ് 15 ശതമാനവും പെൻഷൻ ചെലവ് 12 ശതമാനവും കൂടുന്നു. കേന്ദ്ര വിഹിതത്തിലെ വളർച്ച കുറയുന്നെങ്കിലും റവന്യൂ കമ്മി നികത്താനുള്ള കേന്ദ്ര ഗ്രാന്റും ജി.എസ്.ടി നഷ്ടപരിഹാരവും കൂടുന്നുണ്ട്. ഇത് എപ്പോഴും ആശയിക്കാവുന്ന വരുമാനമല്ല. പബ്ലിക് അക്കൗണ്ടിലെ ബാദ്ധ്യതകൾ കുറച്ച് കടം നിയന്ത്രിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
മറ്ര് നിർദ്ദേശങ്ങൾ
വെള്ളക്കരം കൂട്ടണം
എയ്ഡഡ് സ്‌കൂളുകൾ സൃഷ്ടിക്കുന്ന അമിത സാമ്പത്തികഭാരം നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം.
ജീവനക്കാരെ പുനർവിന്യസിക്കണം.
കെട്ടിട നികുതി വർദ്ധിപ്പിക്കണം.
ഇന്ധന നികുതി വർദ്ധിപ്പിക്കണം.
ഭൂമിയുടെ ന്യായവില കൂട്ടി റജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുറയ്ക്കാം.
മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയും നികുതിയും 50% കൂട്ടണം.