
പൂവാർ: പൂവാർ ബോട്ട് ക്ലബ്ബിൽ വച്ച് രണ്ട് യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റുചെയ്തു. പൂവാർ ജംഗ്ഷന് സമീപം ബോട്ട് ക്ലബ്ബ് നടത്തുന്ന പൂവാർ ഇ.എം.എസ് കോളനിയിലെ മാഹീനിനെയാണ് (35) പൊലീസ് അറസ്റ്റുചെയ്തത്. പൂവാർ സ്വദേശികളായ വരവിളത്തോപ്പ് ശ്രീമോൻ (24), ഡാനി (23) എന്നിവരെയാണ് ഇയാളുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൂവാർ പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. പൂവാറിലെ ജലയാത്രയ്ക്ക് യാത്രക്കാരെ എത്തിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കണക്കുകൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് മാഹീൻ യുവാക്കളെ ബോട്ട് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. മാഹീനിനെ റിമാൻഡ് ചെയ്തു.