തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന പരേഡിൽ അതിഥികളായി പട്ടികവർഗ വിഭാഗത്തിൽ നിന്ന് പങ്കെടുക്കുന്നത് കണ്ണൂർ സ്വദേശികളായ ദമ്പതികൾ. കണ്ണൂർ ഇരിട്ടിയിലെ വള്ളിയാട് കോളനിയിലെ അജിത്, രമ്യ ദമ്പതികളാണ് കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരം പരേഡിൽ പങ്കെടുക്കാൻ പോകുന്നത്. പണിയ വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര പട്ടികവർഗ വികസന വകുപ്പ് മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനും ഇവർക്ക് അവസരം ലഭിക്കും. 21 മുതൽ ഫെബ്രുവരി രണ്ട് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പാർലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവൻ, തീൻമുർത്തി ഭവൻ തുടങ്ങി വിവിധ ഇടങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. ഒരു നോഡൽ ഓഫീസർ ഇവരെ അനുഗമിക്കും. മുഴുവൻ യാത്രാചെലവും സർക്കാരാണ് വഹിക്കുന്നത്.