ആദ്യ ദിനം സ്വീകരിച്ചത് 763 പേർ
തിരുവനന്തപുരം: ജില്ലയിലെ 11 കേന്ദ്രങ്ങളിലായി 763 പേർ ആദ്യ ദിനം കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇന്ന് അവധിയായതിനാൽ കുത്തിവയ്പ് ഇല്ല. നാളെ വാക്‌സിനേഷൻ നടപടികൾ പുനരാരംഭിക്കും. വാക്‌സിനേഷൻ കേന്ദ്രമായ പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടപടിക്രമങ്ങൾ വിലയിരുത്തി. കൊവിഡിനെതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ വലിയ ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ആദ്യ ദിനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് വാക്‌സിനേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വാക്‌സിൻ സ്വീകരിച്ച ആർക്കും അസ്വസ്ഥതകളൊന്നും ഉണ്ടായില്ല.
11 കേന്ദ്രങ്ങളിലും പഴുതടച്ച
സുരക്ഷാക്രമീകരണം
ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കൊവിഡ് വാക്‌സിൻ കുത്തിവയ്പ് നടന്നത്. ഓരോ കേന്ദ്രങ്ങളിലും 100 പേർക്ക് വീതമായിരുന്നു കുത്തിവയ്പ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന വാക്‌സിനേഷനിൽ ഡി.എച്ച്.എസ് ഡോ.ആർ.എൽ. സരിത ആദ്യ കുത്തിവയ്പെടുത്തു. തുടർന്ന് ആശുപത്രി ജീവനക്കാർ ഉൾപ്പെടെ 100 പേർ പങ്കാളികളായി. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിലെത്തി. നഗരത്തിൽ പാങ്ങപ്പാറക്ക് പുറമേ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലും വാക്‌സിനേഷൻ നടന്നു. പാറശാല താലൂക്ക് ആശുപത്രിയിലെ കേന്ദ്രത്തിൽ ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണിക്കൃഷ്ണനായിരുന്നു ആദ്യ വാക്‌സിനേഷൻ നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ ഡി. അജീഷ് ദാസും ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോ. വിനോജും വാക്സിൻ സ്വീകരിച്ചു. വർക്കലയിൽ ജില്ലാ ആയുർവേദ ആശുപത്രിയായിരുന്നു കേന്ദ്രം. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ കെ.വി. ബൈജുവാണ് ഇവിടെ ആദ്യ കുത്തിവയ്‌പ്പെടുത്തത്. വിതുര, വെഞ്ഞാറമൂട്, മണമ്പൂർ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷൻ നടന്നു. അഞ്ച് മണിക്ക് നടപടിക്രമങ്ങൾ അവസാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെയാകും കുത്തിവയ്പ്.