തിരുവനന്തപുരം: ലണ്ടനിലെ പ്രമുഖ മലയാളി വ്യവസായി ബോളീൻ മോഹനൻ (66) കൊവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മറ്റൊരു രോഗത്തിന് ചികിൽസയിൽ കഴിയവേയാണ് കൊവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മോഹനൻ ഈസ്റ്റ് ലണ്ടനിലെ അപ്രൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്‌ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയേറ്റർ നടത്തിയതോടെയാണ് ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടത്. തിയേറ്ററിനൊപ്പം ഹോട്ടൽ, കമ്പ്യൂട്ടർ സെന്റർ, മണി എക്സ്‌ചേഞ്ച്, ഗ്രോസറി ഷോപ്പ്, മലയാളം ചാനലുകളുടെ വിതരണ ശൃംഖല, റിക്രൂട്ട്‌മെന്റ് ഏജൻസി തുടങ്ങിയവയും നടത്തിയിരുന്നു. രോഗബാധിതനായതോടെ ബിസിനസുകൾ മരവിപ്പിച്ചു. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി വരുൺനാഥ്, ഹരിനാരായണൻ. മരുമക്കൾ: വരുൺനാഥ്, പ്രസീദ ഹരിനാരായണൻ.