തിരുവനന്തപുരം : കൊവിഡ് മഹാമാരിക്കെതിരായ വാക്സിൻ പോരാട്ടത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇന്നലെ 8062 ആരോഗ്യ പ്രവർത്തകരാണ് കുത്തിവയ്‌പ്പിന് വിധേയരമായത്. 133 കേന്ദ്രങ്ങളിലായി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനായിരുന്നു ലക്ഷ്യമിട്ടത്. ഉദ്ഘാടനത്തിനും മറ്റും സമയം പോയതിനാലാണ് എണ്ണം കുറഞ്ഞത്. വരും ദിവസങ്ങളിൽ ഇത് കൃത്യമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയിലാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്. എറണാകുളത്ത് 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർകോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം.പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15മണി മുതൽ 5മണിവരെയായിരുന്നു വാക്സിനേഷൻ. പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. അടിയന്തര സേവനത്തിന് എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ കിറ്റ്, ആംബുലൻസ് എന്നിവ ഉണ്ട്.എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നു. എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനവും ഏർപ്പെടുത്തി.
28ദിവസത്തിന് ശേഷം രണ്ടാം ഡോസ്
ഒരാൾക്ക് 0.5 എം.എൽ വാക്‌സിനാണ് ആദ്യ ഡോസായി നൽകിയത്. ഒരു ബോട്ടിൽ 10 ഡോസാണ്. 28 ദിവസം കഴിയുമ്പോൾ രണ്ടാമത്തെ ഡോസ് നൽകും. രണ്ടു ഡോസും എടുത്ത് രണ്ടാഴ്ച കഴിയുമ്പോഴാണ് പ്രതിരോധ ശേഷി ആർജിക്കുക. ആദ്യ ഡോസ് എടുത്തയുടൻ ഇനി പ്രശ്‌നമൊന്നുമില്ല എന്നമട്ടിൽ വാക്‌സിൻ എടുത്തവരും മറ്റുള്ളവരും പെരുമാറരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണ്. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കും. അവർക്കുള്ള പരിശീലനം പുരോഗമിക്കുന്നു.
വാക്‌സിനെ പറ്റി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
-മന്ത്രി കെ.കെ.ശൈലജ