arrested

ചാവക്കാട്: യുവാവിനെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാല് പ്രതികളെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും, ചാവക്കാട് പൊലീസും ചേർന്ന് പിടികൂടി. ചാവക്കാട് മരുതയൂർ കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് (23), മരുതയൂർ മത്രംകോട്ട് ജിഷ്ണുബാൽ (29), പൊന്നാനി പുളിക്കക്കടവ് പനക്കൽ ജിതിൻ (20), പാലുവായ് വിളക്കാട്ടുപാടം കുരിക്കൽ വീട്ടിൽ ശബരീനാഥ് (26) എന്നിവരെയാണ് ഒളിത്താവളങ്ങളിൽ നിന്ന് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 12 ാം തിയതി രാവിലെ ആറിന് പാലുവായ് കരുമഞ്ചേരി അജിത്ത് കുമാർ മകൻ അർജുൻ രാജിനെയാണ് (32) കഴുത്തിൽ കത്തി വെച്ച്, കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച് മർദിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയ ഉടൻ തന്നെ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അർജുൻ രാജിനെ പിന്നീട് ചങ്ങരംകുളത്ത് പാവിട്ടപുറത്ത് ഇറക്കിവിട്ട് പ്രതികൾ ഒളിവിൽ പോയി. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശ പ്രകാരം തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐമാരായ ടി.ആർ ഗ്‌ളാഡ്സ്റ്റൻ, പി.സി.പി രാജൻ, എൻ.ജി സുവൃതകുമാർ, പി.എം റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ പൊലീസ് ഓഫീസർമാരായ ടി.വി ജീവൻ, പി.കെ പഴനി സ്വാമി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എം.എസ് ലിഗേഷ്, കെ.ബി വിബിൻദാസ്, ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സജിത്ത്, സുനു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.എ ജിജി, പ്രജീഷ്, ഷുക്കൂർ, പൊലീസ് ഉദ്യോഗസ്ഥന്മാരായ ആശിഷ് കെ. ശരത്ത്, എസ്. മിഥുൻ, സതീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


പിന്നിൽ സാമ്പത്തിക ഇടപാടിലെ തർക്കം

ചാവക്കാട്: യുവാവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് കലാശിച്ചത് ബിസിനസ് തർക്കങ്ങളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളും. അറസ്റ്റ് ചെയ്യപ്പെട്ട മരതയൂർ സ്വദേശി ജിഷ്ണുബാലിന്റെ ജേഷ്ഠൻ ജിത്ത് ബാലുമായി രണ്ടു വർഷത്തിലധികമായി തുടരുന്ന ബിസിനസ്സ് തർക്കങ്ങളുടെയും, സാമ്പത്തിക തർക്കങ്ങളുടേയും തുടർച്ചയായാണ് തട്ടിക്കൊണ്ടുപോകലുണ്ടായത്. വീട്ടിലെ നിരീക്ഷണ കാമറയുടെ വയറുകൾ അറുത്തുമാറ്റിയതിനാൽ തുടക്കത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി. സംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നെന്നും, അവർ മലയാളം സംസാരിച്ചിരുന്നെന്നും വീട്ടുകാർ അറിയിച്ചിരുന്നു.
വിവിധ സംഘങ്ങളായി അന്വേഷണം നടത്തിയ പൊലീസ് സംഘം തട്ടിക്കൊണ്ടുപോകൽ നടന്ന സ്ഥലത്തിനടുത്തുള്ള വിവിധ സിസിടിവി കാമറകൾ പരിശോധിച്ചിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല. യുവാവിനോട് മുൻവിരോധമുള്ള ആളുകളെകുറിച്ചായി പിന്നീട് അന്വേഷണം. മരുതയൂരിലുള്ള അർജുൻ രാജിന്റെ മുൻ ബിസിനസ് പാർട്ണർ ആയിരുന്ന യുവാവിനെക്കുറിച്ച് അന്വേഷണം നടത്തിയതോടെ, അയാൾ വീട്ടിൽ ഇല്ല എന്ന് മനസ്സിലാക്കി.
പിന്നീട് ഇയാളെ കുറിച്ചും, ഇയാളുടെ സംഘത്തെ കുറിച്ചുമായി അന്വേഷണം. ഇങ്ങനെയാണ് സുഹൃത്തുക്കളായ ഈ കേസിലെ പ്രതികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപ്പെട്ട അർജുനിൽ നിന്നും പ്രതികളെ കുറിച്ചുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. ഇതോടെ അന്വേഷണം വേഗത്തിലായി.
അറസ്റ്റിലായ പ്രതികളായ നാലുപേരെ ചോദ്യം ചെയ്തതിൽ നിന്ന് ഈ മാസം തുടക്കം മുതൽ ഈ തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണം നടന്നതായി കണ്ടെത്തി. തട്ടിക്കൊണ്ടുപോകാനായി ഇവർ ഉപയോഗിച്ചിരുന്ന കാർ മാറ്റി തലേന്ന് രാത്രി പൊന്നാനിയിൽ നിന്നും ഒരു കാർ വാടകയ്ക്ക് എടുത്ത് പ്രതികളെല്ലാം ചേർന്ന് തൃശൂരിൽ ഒത്തുകൂടി. പിറ്റെദിവസം പാലയൂരിലെത്തി യുവാവിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. തയ്യാറാക്കി വച്ചിരുന്ന മുദ്രപേപ്പറുകളിൽ യുവാവിനെ നിർബന്ധിച്ച് ഒപ്പിടിപ്പിക്കുകയും ചെയ്തിരുന്നു.