amjad-alikhan-

തിരുവനന്തപുരം: പ്രശസ്ത സരോദ് വാദകൻ ഉസ്താദ് അംജദ് അലിഖാൻ തലസ്ഥാനത്ത് തുടങ്ങാനിരുന്ന അന്താരാഷ്ട്ര സംഗീത സ്‌കൂൾ പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. പിന്മാറുകയാണെന്ന് കാണിച്ച് സംഗീത നാടക അക്കാഡമി മുൻ ചെയർമാൻ സൂര്യകൃഷ്ണമൂർത്തി മുഖേന അംജദ് അലിഖാൻ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതറിഞ്ഞ്, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് പദ്ധതിക്ക് വഴി തെളിഞ്ഞത്.

ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസവും സൗജന്യമായി നൽകാമെന്ന് പ്രഖ്യാപിച്ച ഭൂമിക്ക് വർഷം 15 ലക്ഷം രൂപ വാടക ചോദിച്ചതുമാണ് പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യം അറിഞ്ഞ ഉടൻ മുഖ്യമന്ത്രി സൂര്യ കൃഷ്ണമൂർത്തിയുമായി ഫോണിൽ സംസാരിച്ചു. നേരിട്ടു സംസാരിച്ച് പദ്ധതിയിൽ വ്യക്തത വരുത്താമെന്നും അംജദ് അലിഖാനുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് വേളിയിൽ രണ്ടരയേക്കർ സ്ഥലം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. വർഷം 7 കഴിഞ്ഞിട്ടും സ്ഥലം കൈമാറിയില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും റവന്യൂ, ടൂറിസം ഉദ്യോഗസ്ഥർ ഭൂമി വിട്ടുകൊടുക്കാൻ തയാറായില്ലെന്ന് പദ്ധതിക്ക് മുൻകൈ എടുത്ത സുര്യ കൃഷ്ണമൂർത്തി പറഞ്ഞു.

ഗുരുകുല സമ്പ്രദായത്തിലുള്ള പഠനമാണ് വിഭാവനം ചെയ്തിരുന്നത്. സ്‌കൂളിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും അംജദ് അലി ഖാൻ സന്നദ്ധനായിരുന്നു.