കല്ലറ : വീടൊരു ഗോകുലമാക്കിയ ലക്ഷ്മിയുടെ ഒന്നാം റാങ്കിന് പാൽ വെൺമ. കല്ലറ വാഴത്തോപ്പുപച്ച ലക്ഷ്മി വിലാസത്തിൽ ക്ഷീരകർഷകരായ മോഹനൻ-ലീജ ദമ്പതിമാരുടെ മകളായ ലക്ഷ്മിക്കാണ് നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്‌സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. പ്ലസ്ടുവിന് മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 85 ശതമാനം മാർക്കും ഡിഗ്രിക്ക് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നിന്നും 75 ശതമാനം മാർക്കും ലഭിച്ചിരുന്നു. ചെറുപ്പം മുതൽക്കെ വീട്ടിൽ പശു, ആട്, കോഴി എന്നിവ ഉണ്ടായിരുന്നതിനാൽ പഠനത്തോടൊപ്പം ഇവയുടെ കാര്യങ്ങളിലും മാതാപിതാക്കളെ സഹായിച്ചിരുന്നു. അമ്മ തൊഴിലുറപ്പുജോലിക്കും അച്ഛൻ മറ്റുതൊഴിലുകൾക്കും പോകുമ്പോൾ പശുക്കളുടെയും ആടുകളുടെയുമൊക്കെ കാര്യങ്ങൾ നോക്കുന്നത് ലക്ഷ്മിയും അനുജത്തി കാർത്തികയുമാണ്. സ്കൂൾ ആയാലും കോളേജായാലും പഠനം കഴിഞ്ഞെത്തിയാൽ ലക്ഷ്മി ആദ്യം ഓടിയെത്തുന്നത് ഈ വളർത്തുമൃഗങ്ങളുടെ അടുത്തേക്കാണ്. ഇവയെ ഓമനിച്ച് വിളിക്കാൻ പശുവിനും, ആടിനുമൊക്കെ വിളിപ്പേരുകളുമുണ്ട്. നാല് പശുക്കളും, ആറോളം ആടുകളുമുള്ള ഈ വീട്ടിൽ ആടുകളുടെയും കുഞ്ഞുങ്ങളുടെയും പൂർണ് മേൽനോട്ടം ലക്ഷ്മിക്കും അനുജത്തി കാർത്തികയ്ക്കുമാണ്. അനുജത്തി കാർത്തിക ഫാഷൻ ഡിസൈനിംഗിനാണ് പഠിക്കുന്നത്. തുടർന്ന് നെറ്റ് കോച്ചിംഗിനു പോകാൻ താല്പര്യപ്പെടുന്ന ലക്ഷ്മിയുടെ ആഗ്രഹം കോളേജ് അദ്ധ്യാപികയാകാനാണ്. താൻ പഠിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയതും പശുക്കളിൽ നിന്നുള്ള വരുമാനത്തിലായതിനാൽ പശുക്കളെയും ആടുകളെയും കോഴികളെയും വിട്ടുപോകാൻ ഈ ക്ഷീരകർഷക തയ്യാറല്ല.