biden-and-trump

അഞ്ചുവർഷം കൊണ്ട് അമേരിക്കയിലുണ്ടായ പ്രതിഭാസമാണ് ട്രംപിസം. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച കാലം മുതൽ പ്രസിഡന്റ് സ്ഥാനമൊഴിയുന്നത് വരെയുള്ള അഞ്ച് വർഷക്കാലമാണിത്. ചുരുക്കിപ്പറഞ്ഞാൽ സ്വാർത്ഥതയുടെയും അതിതീവ്ര ദേശീയതയുടെയും വെള്ളക്കാരുടെ ആധിപത്യത്തിന്റെയും കച്ചവട മന:സ്ഥിതിയുടെയും ആകെത്തുകയാണ് ട്രംപിസം.

വെറും ബിസിനസുകാരൻ മാത്രമായിരുന്ന ഡൊണാൾഡ് ട്രംപ് പൊളിറ്റിക്കൽ പവർ നേടാൻ വേണ്ടി റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാവുകയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ വെറും ഒരു ശതമാനം മാത്രമായിരുന്നു വിജയ സാദ്ധ്യത. എന്നാൽ പ്രചാരണത്തിൽ സ്വീകരിച്ച തന്ത്രങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണ അദ്ദേഹത്തിന് നൽകി. അപ്രതീക്ഷിതമായി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയെത്തെന്നെ മാറ്റിമറച്ച സംഭവമായിരുന്നു ട്രംപിന്റെ വിജയം. കാരണം ട്രംപിസമെന്ന് പറയുന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായിരുന്നു. പാർട്ടിയുടെ അതിതീവ്ര വലത് നിലപാടിന്റെ പ്രതിഫലനമായിരുന്നു ട്രംപിസം. അതുകൊണ്ടുതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർണ പിന്തുണ ട്രംപിന് ലഭിച്ചിരുന്നില്ല.

എങ്കിലും ട്രംപ് പ്രസിഡന്റായതിന് ശേഷം പാർട്ടി തങ്ങളുടെ സ്വന്തം നിലപാട് മാറ്റിവച്ച് ട്രംപിസത്തെ അംഗീകരിച്ചു. അദ്ദേഹം സൃഷ്ടിച്ച പ്രശ്നങ്ങൾ വളരെ ഗുരുതരമായിരുന്നെങ്കിലും സ്വന്തം പ്രസിഡന്റിനെ മാറ്രാനുള്ള മന:സ്ഥിതി പാർട്ടിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ട്രംപിന്റെ ആദ്യ ഇംപീച്ച്മെന്റ് സമയത്ത് ഒരു സെനറ്റ് അംഗം പോലും ഇംപീച്ച്മെന്റിനെ അനുകൂലിക്കാതിരുന്നത്. പക്ഷേ കാപിറ്റോൾ അതിക്രമത്തെ തുടർന്നുണ്ടായ രണ്ടാമത്തെ ഇംപീച്ച്മെന്റിൽ സ്വന്തം പാർട്ടിയിലെ പത്ത് അംഗങ്ങൾ അദ്ദേഹത്തിനെതിരായി വോട്ട് ചെയ്തു. പ്രമേയം സെനറ്റിലെത്തുമ്പോൾ എന്തായിരിക്കും സ്ഥിതിയെന്ന് വ്യക്തമല്ല. ഈ നടപടികൾ പൂർത്തിയാവുക ട്രംപ് അമേരിക്കൻ പ്രസിഡന്റ് അല്ലാതായി തീർന്നതിന് ശേഷമായിരിക്കും. സെനറ്റിൽ ഇംപീച്ച്മെന്റ് വിജയിക്കണമെങ്കിൽ 17 റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനെതിരായി വോട്ട് ചെയ്യണം. അത് സംഭവിക്കുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. ഇതോടുകൂടി ട്രംപിന്റെ ഭരണം അവസാനിക്കുമെങ്കിലും അദ്ദേഹം ഇനി മത്സരിക്കരുത് എന്ന രീതിയിലുള്ള ശിക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. ട്രംപിസം അവസാനിച്ചെന്ന് കരുതാനുമാകില്ല.

ട്രംപിന് വോട്ട് ചെയ്ത 73 മില്യൺ അമേരിക്കക്കാർ അദ്ദേഹത്തിന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുകയാണ്. ഇതിനോട് റിപ്പബ്ലിക്കൽ പാർട്ടിയും ചേർന്നില്ലെങ്കിൽ പാർട്ടിയിൽ പിളർപ്പ് വന്നേക്കാം. സാധാരണ പ്രസിഡന്റിന്റെ സ്വാധീനത്തിൽ കവിയുന്ന തരത്തിലുള്ള പാരമ്പര്യമാണ് ട്രംപിസം പാർട്ടിക്ക് നൽകിയിരിക്കുന്നത്.

ബൈഡനിസം എന്ന വാക്ക് ഇതുവരെയും ആരും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കാരണം ബൈഡന്റെ നയങ്ങളെല്ലാം തന്റെ പാർട്ടിയുടെ നിലപാടിനോട് ചേർന്നതാണ്. പാർട്ടിയുടെ ചട്ടക്കൂട്ടിൽ നിന്നാണ് ബൈഡൻ പ്രവർത്തിക്കുന്നത്. ഒബാമയുടെ കാലഘട്ടത്തിന്റെ ഒരു തുടർച്ചയാകും ഇദ്ദേഹം പ്രസിഡന്റാകുമ്പോൾ സംഭവിക്കുന്നത്. അദ്ദേഹം എട്ട് വർഷം ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നതുകൊണ്ടും തന്റെ ഉപദേശകരായി തിരഞ്ഞെടുത്തിരിക്കുന്നവരിൽ വലിയൊരു ശതമാനവും ട്രംപ് ഭരണകൂടത്തിലുണ്ടായിരുന്നവർ ആണെന്നുമുള്ള വസ്തുത ഓർക്കേണ്ടതാണ്. ബൈഡന്റെ നടപടികൾക്ക് ബൈഡനിസം എന്ന് പേര് വരാൻ സാദ്ധ്യതയില്ല.

ട്രംപിന്റെ വിദേശനയവും ഇന്ത്യയോടുള്ള സമീപനവും

ട്രംപിന്റെ വിദേശനയം, പ്രത്യേകിച്ച് ഇന്ത്യയോടുള്ള സമീപനം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം അനുസരിച്ചുള്ളവയായിരുന്നു. അമേരിക്കയുടെ ഏറ്റവും ശക്തരായ സുഹൃത്തുക്കളെയെല്ലാം നിരാകരിച്ചുകൊണ്ട് ചൈനയോടും ഉത്തരകൊറിയയോടുമെല്ലാം സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ട്രംപ് നടത്തിയത്. ഇത് അദ്ദേഹത്തിന് സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, പരിഹരിക്കാമെന്ന് വിചാരിച്ച ചൈന, കൊറിയ പ്രശ്നങ്ങളൊന്നും പരിഹരിക്കാനുമായില്ല.

വിദേശനയത്തിൽ ട്രംപിന്റെ നേട്ടമെന്ന് പറയുന്നത് ഭരണത്തിന്റെ അവസാന സമയത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം നടത്തി എന്നതാണ്. യു.എ.ഇ, ബഹ്റിൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ആദ്യമായി ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. ഖത്തറിനെതിരെയുണ്ടായിരുന്ന നിരോധനങ്ങളും പിൻവലിച്ചു.

ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ നയം ചൈനയോടുള്ള വിരോധത്തിന്റെ പ്രതിഫലനമായിരുന്നു. ചൈനയെ നിയന്ത്രിക്കാൻ ഏഷ്യയിൽ തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്ത് ഇന്ത്യായാണെന്ന് ട്രംപ് വിശ്വസിച്ചിരുന്നു. ട്രംപിന്റെ ഇന്ത്യയോടുള്ള സൗഹൃദവും ചൈനയോടുള്ള എതിർപ്പും നമുക്ക് ആശ നൽകുന്നതായിരുന്നെങ്കിലും മുഴുവനായി അമേരിക്കയോട് ചേർന്നുനിന്ന് ചൈനയുടെ ശത്രുവാകാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. ചൈന ഇന്ത്യയെ കഴിഞ്ഞവർഷം ആക്രമിച്ചതിന് ശേഷം ഈ കാഴ്ചപ്പാടിൽ ചെറിയ വ്യത്യാസം വന്നിട്ടുമുണ്ട്. ചൈനയുടെ ആക്രമം തടയാൻ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ ആവശ്യവുമാണ്. അതുകൊണ്ടാണ് ആസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവരുമായി ചേർന്നുള്ള ചതുർശക്തികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്ക് ട്രംപ് വലിയ സഹായങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും നമ്മളെ ദ്രോഹിക്കുന്ന നിലപാടൊന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സുഹൃത്തായി അംഗീകരിക്കുകയും ചെയ്തു. ഒബാമയുടെ കാലത്തേക്കാൾ കൂടുതൽ സൗഹൃദമൊന്നും അമേരിക്കയുമായി ഇന്ത്യ സ്ഥാപിച്ചിരുന്നില്ല എന്നുള്ളതാണ് വസ്തുത.

ബൈഡനും ഇന്ത്യയും

ബൈഡന്റെ ഭരണകാലത്ത് ചൈനയോട് കൂടുതൽ മൃദുവായ സമീപനം അമേരിക്ക തുടരുമെന്നാണ് വിലയിരുത്തൽ. കാരണം അമേരിക്കയ്ക്ക് ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കാര്യം നേടാനുള്ളത് ചൈനയിൽ നിന്നാണ്. എങ്കിലും ഇന്ത്യയുമായും സൗഹൃദം സൂക്ഷിക്കാൻ ബൈഡൻ ശ്രമിച്ചേക്കും. അതുകൊണ്ട് നമുക്കും ബൈഡൻ പ്രസിഡന്റായതുകൊണ്ട് പ്രയോജനങ്ങളുണ്ടാകുമെന്നാണ് കരുതേണ്ടത്. നയപരമായും രാഷ്ട്രീയപരമായും പ്രയോജനങ്ങളുണ്ടായേക്കാം. സൈനിക ശക്തിയുടെ കാര്യത്തിൽ ബൈഡനിൽ നിന്ന് നാം കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ബൈഡനും കമലാ ഹാരിസുമൊക്കെ മുൻപ് ഇന്ത്യയുടെ ചില ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഡെമോക്രാറ്റിക് പ്രസിഡന്റുമാർ പൊതുവേ മറ്റ് രാജ്യങ്ങളിലെ ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും ഇടപെടാറുണ്ട്. ബുഷും ഒബാമയുമൊക്കെ ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഈ അഭിപ്രായങ്ങളൊക്കെ അമേരിക്കയും ആ രാജ്യവും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുമില്ല.

കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ സമീപനം ഇന്ത്യൻ പൗരന്മാർക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് . എന്നാൽ എച്ച്‌വൺ ബി വിസ പിൻവലിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നല്‌കിയ നിർദേശം എടുത്തു കളയാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നല്‌കിക്കഴിഞ്ഞു. സമർത്ഥരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗ്രീൻകാർഡ് നല്കാനും അവരെ അമേരിക്കൻ പൗരന്മാരായി നിലനിറുത്താനും ബൈഡൻ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ടെക്നോളജി രംഗത്ത് ഹ്രസ്വകാലത്തേക്ക് ജോലി തേടുന്നവർക്കും അവസരങ്ങൾ തുറന്നു നല്‌കും.