hi-tr

വർക്കല: മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മലബാർ എക്സ് പ്രസ് ട്രെയിനിലെ ലഗേജ് വാനിൽ തീപിടിത്തം. രണ്ടു ബൈക്കുകൾ അടക്കം ലഗേജുകൾ പൂർണമായും കത്തിനശിച്ചു.

ഇന്നലെ രാവിലെ 7.40ന് വർക്കലയ്ക്ക് മുമ്പുള്ള ഇടവ സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന് അടുത്തായിരുന്നു സംഭവം. വാനിന്റെ തറയിലേക്ക് ചരിഞ്ഞു വീണ ബൈക്കുകൾ തമ്മിലുരഞ്ഞ് ചിതറിയ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. എൻജിനോട് ചേർന്നായിരുന്നു ലഗേജ് വാൻ ഉൾപ്പെട്ട ബോഗി. ഈ ബോഗിയിൽ ശേഷിക്കുന്ന ഭാഗത്ത് ഭിന്നശേഷിക്കാർക്കുള്ള ഇരിപ്പിടങ്ങളാണെങ്കിലും ആരും ഉണ്ടായിരുന്നില്ല. തൊട്ടു പിന്നിലുള്ള ബോഗിയിലെ മുപ്പതോളം യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങി.

220 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

കാപ്പിൽ കിളിമുക്കം ഭാഗത്ത് എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ

ചങ്ങല വലിച്ച് നിറുത്താൻ ശ്രമിച്ചു. ഇതിനിടെ തീ ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിറുത്തി യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ലോക്കോ പൈലറ്റ് ജി. തോമസും ഗാർഡ് കെ.എസ്. സുനിൽകുമാറും ഫയർ എക്സിക്യൂഷൻ സംവിധാനo ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് എൻജിനും ബോഗിയുമായുള്ള ബന്ധം വേർപെടുത്തി. വർക്കലയിലും പരവൂരിലും നിന്നെത്തിയ രണ്ട് ഫയർ എൻജിനുകളാണ് തീ പൂർണ്ണമായും കെടുത്തിയത്.

റെയിൽവേ സേഫ്റ്റി,മെക്കാനിക്കൽ,ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയശേഷം 9.10ന് ട്രെയിൻ യാത്രക്കാരുമായി വർക്കല സ്റ്റേഷനിൽ എത്തിച്ചു. 9.45ന് വേഗത കുറച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും.

റെയിൽവേ സേഫ്റ്റി ഓഫീസർ രവികുമാരൻ നായർ, മെക്കാനിക്കൽ ഡിവിഷണൽ എൻജിനീയർ ഷമീൻ, കൊല്ലം ആർ. പി.എഫ്. എസ്. ഐമാരായ രജനി നായർ, ഗോപാലകൃഷ്ണൻ, വർക്കല പൊലീസ് സബ് ഇൻസ്പെക്ടർ അജിത് കുമാർ എന്നിവരാണ് ബോഗിയിൽ പ്രാഥമിക പരിശോധന നടത്തിയത്. രണ്ട് മണിക്കൂറോളം തിരുവനന്തപുരം-കൊല്ലം, ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി.