പൊടുന്നനേയാണ്, ലോകത്തെയും രാജ്യത്തെയും വിറപ്പിച്ച് കൊവിഡ്-19 മഹാമാരി കടന്നുവന്നത്. തീർത്തും അപ്രതീക്ഷിതമായ വരവ്. ലോകത്തിന് മേൽ മാനവരാശിക്കുണ്ടായിരുന്ന ആധിപത്യം ഒടുങ്ങുന്നുവെന്ന പ്രതീതി അതുണർത്തി. ഇപ്പോഴും ലോകം ഭീതിയിൽ നിന്ന് മുക്തമായിട്ടില്ല.
എന്നാൽ, കൊവിഡിന് മുമ്പേ ഇന്ത്യൻ രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലായിക്കഴിഞ്ഞിരുന്നു. ഒന്നാം മോദിസർക്കാരിന്റെ വരവിന് ശേഷമുണ്ടായ സംഭവഗതികൾ അതിന് രാസത്വരകമായി. സമൂഹമാദ്ധ്യമങ്ങളുടെ ആക്ടിവിസം സൃഷ്ടിക്കുന്ന സത്യാനന്തര കാലത്ത് ആ മാറ്റം വളരെയെളുപ്പമായിരുന്നു. ദേശീയമാദ്ധ്യമങ്ങളെ വരുതിയിലാക്കാൻ- ഒന്നോരണ്ടോ അപവാദങ്ങളൊഴിച്ചാൽ - ഇന്ത്യൻ ഭരണകൂടത്തിന് എളുപ്പത്തിൽ സാധിച്ചു.
അടിക്കടിയുള്ള ഇന്ധനവില വർദ്ധനയൊന്നും ചർച്ചയാവാതിരിക്കുന്നതും നോട്ടുനിരോധനം സൃഷ്ടിച്ച വലിയ ദുരിതത്തെ പോലും കവച്ചുവയ്ക്കാൻ മോദിഭരണകൂടത്തിന് സാധിക്കുന്നതും നാം കണ്ടു. ഇന്ത്യയിലാകമാനം അവർ അധീശത്വമുറപ്പിക്കുന്നു. അല്ലെങ്കിൽ, ദേശീയതയും വർഗീയതയും സമാസമം ചാലിച്ചുള്ള ഫോർമുലയും മാദ്ധ്യമങ്ങളുടെ പ്രീണനവും അത്തരമൊന്ന് എളുപ്പത്തിൽ സാധിപ്പിച്ചു കൊടുക്കുന്നു. അതിർത്തിയിലെ സർജിക്കൽ സ്ട്രൈക്ക് മുതൽ ഏറ്റവുമൊടുവിലത്തെ ബാബ്റി മസ്ജിദ് തർക്കത്തിലെ സുപ്രീംകോടതി വിധിയും പിന്നീടുണ്ടായ രാമക്ഷേത്ര ശിലാന്യാസവും വരെയെടുത്ത് നോക്കുക. (കോർപ്പറേറ്റ് പ്രീണനത്തിന് വഴങ്ങി രാജ്യത്തെ നവകോളനിവത്കരണത്തിലേക്ക് തള്ളിവിടുമ്പോൾ ഭരണകൂടത്തിന് പിടിച്ചുനിൽക്കാൻ ഇതാണ് ആയുധം! സമൂഹത്തിന്റെ അരാഷ്ട്രീയവത്കരണത്തിനുതകും വിധത്തിൽ കോർപ്പറേറ്റ് ശൈലിയെ പുൽകുന്ന രാഷ്ട്രീയത്തിലേക്ക് രാജ്യം മാറുന്നത് അതിന്റെ തുടർച്ചയാണ്, കേരളത്തിലുൾപ്പെടെ. )
ഡൽഹിയിലെ കൊടുംശൈത്യത്തെ അതിജീവിച്ച് നടക്കുന്ന കർഷകരുടെ സഹനസമരം അപവാദമാകുന്നത് അവിടെ, പ്രീണനം മുഖമുദ്രയാക്കിയ ദേശീയമാദ്ധ്യമങ്ങളുടെ കടന്നുകയറ്റം തടുത്തുനിറുത്തപ്പെടുന്നതിനാലാണ്. കർഷകർക്കിടയിൽ അവരാൽ നയിക്കപ്പെടുന്ന പ്രചരണോപാധികൾക്കേ സാന്നിദ്ധ്യവും സ്വാധീനവുമുള്ളൂ. കർഷകജനതയാകെ ആവശ്യപ്പെട്ടിട്ടും കേൾക്കാൻ മനസുകൊടുക്കാത്ത ഭരണകൂടം അവിടെയും തീവ്രവാദപ്രചരണമുയർത്തി ദേശീയത എടുത്തു പയറ്റാനൊരുങ്ങുന്നതാണ് പുതിയ കാഴ്ച. ഖലിസ്ഥാൻവാദി ആരോപണം കടുപ്പിച്ചു. രാഷ്ട്രീയ പകപോക്കലിനുള്ള ഏറ്റവും ഫലപ്രദമായ, ഭരണകൂട ഉപകരണങ്ങളിലൊന്നായ എൻ.ഐ.എ രംഗത്തിറങ്ങി.
കോർപ്പറേറ്റ് സ്വാധീനം
തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച നവഉദാരീകരണനയം ഇന്നതിന്റെ മൂർദ്ധന്യാവസ്ഥയിലാണല്ലോ. സകലതിലും കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു. സമ്പത്ത് വാരിക്കൂട്ടുന്ന കോർപ്പറേറ്റുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിശ്ചിതതുക നീക്കിവയ്ക്കുന്നതിന്റെ വിശാല രാഷ്ട്രീയമാതൃക കേരളത്തിലടക്കം കുറച്ചുകാലമായി പരീക്ഷിക്കപ്പെടുന്നുവെന്നത് യാദൃശ്ചികമല്ല. കോർപ്പറേറ്റ് സ്വാധീനം പ്രബലമായ ഉദാരവത്കരണകാലത്ത് രാഷ്ട്രീയകക്ഷികളിലെ ശൈലീമാറ്റം ചർച്ചയാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ ട്വന്റി - ട്വന്റി കൂട്ടായ്മ സമീപകാലത്തായി അതിന്റെ മൂർദ്ധന്യരൂപം പ്രകടമാക്കി വിജയം കൊയ്തത് ഒരു വിളംബരമാണ്.
അരാഷ്ട്രീയത അരങ്ങുതകർക്കുന്ന വാഴ്ച ഒരുതരത്തിലും നല്ലതിനാവില്ല. ട്വന്റി- ട്വന്റി കൂട്ടായ്മയുടെ അരാഷ്ട്രീയതയെ നഖശിഖാന്തം എതിർക്കുന്ന മുഖ്യധാരാ കക്ഷികളുടെ സമീപകാല നീക്കങ്ങൾ പക്ഷേ, നമ്മോട് പറയുന്നതെന്താണ്?
കൊവിഡാനന്തര കിറ്റും ക്ഷേമപെൻഷനും
കേരള രാഷ്ട്രീയത്തിൽ പ്രമുഖമായ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാൽ നയിക്കപ്പെടുന്ന ഇടതുപക്ഷസർക്കാർ കൊവിഡാനന്തര കാലത്ത് നടപ്പാക്കിയ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതാണ്. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടു. വിവിധ സംസ്ഥാനാതിർത്തികളിൽ അന്യസംസ്ഥാനത്തൊഴിലാളികളുടെ പലായനവും അവരുടെ തീരാദുരിതങ്ങളും രാജ്യം വേദനയോടെ ശ്രദ്ധിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളെയെല്ലാം ലോക്ക് ഡൗൺ കാലം വല്ലാതെ ബാധിച്ചു. സമാനതകളില്ലാത്ത ജീവിതപ്രതിസന്ധി വിവിധ വിഭാഗം ജനങ്ങൾക്കുണ്ടായി. ഒരു പരിധിവരെ കേരളത്തിൽ ജീവിതപ്രതിസന്ധികളുടെ കാഠിന്യം കുറച്ചത് സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ ക്ഷേമപരിപാടികളാണ്. റേഷൻ കാർഡുടമകൾക്കെല്ലാമുള്ള സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണമാണ് അതിലൊന്നാമത്തേത്. സാമൂഹ്യ അടുക്കള സംവിധാനമുൾപ്പെടെ കേരളത്തിന്റെ മാതൃകയായി എടുത്തുകാട്ടപ്പെട്ടു.
ക്ഷേമപെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് ലോക്ക് ഡൗണിന് തൊട്ടുമുമ്പായി കൊടുത്തുതീർക്കാൻ ഭരണകൂടം ശ്രദ്ധിച്ചു. ലെസ്സ് ഗവണ്മെന്റ് എന്നതിലേക്ക് രാജ്യം മാറുമ്പോൾ മോർ ഗവണ്മെന്റ് എന്ന സമീപനത്തെ കേരളം സ്വീകരിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തേക്ക് കേരളം നീങ്ങുമ്പോൾ ഈയൊരിടപെടൽ പ്രചരണോപാധിയായി മാറുന്നു എന്നതാണ് ശ്രദ്ധേയം.
സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിപ്രകാരം, പ്രായം ചെന്നവർക്ക് ഏർപ്പെടുത്തിവന്ന പെൻഷൻതുക കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണകാലത്ത് 600 രൂപയായിരുന്നു. എന്നാൽ അന്നതിന്റെ വിതരണം കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ ശക്തമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ പ്രചാരണം ഇടതുപക്ഷമേറ്റെടുത്തു. വിതരണത്തിലെ പോരായ്മ പരിഹരിച്ച് കാര്യക്ഷമമാക്കാൻ പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ആദ്യനാൾ മുതൽ ശ്രദ്ധിച്ചതിന് ഗുണഫലമുണ്ടായി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച, പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയിരിക്കുന്നു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രിൽ വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിയും തുടരുമെന്ന് വ്യക്തമാക്കുന്ന ബഡ്ജറ്റിൽ എത്രകാലം വരെയെന്ന് പറഞ്ഞിട്ടില്ല. ഏത് ഭരണമായാലും, ഓണക്കാലം വരെയെങ്കിലും അത് പ്രതീക്ഷിക്കാം.
2011ലെ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ഒരു രൂപാ നിരക്കിലുള്ള അരിയും അതിന് തൊട്ടുമുമ്പുള്ള വി.എസ് സർക്കാർ രണ്ടുരൂപാ നിരക്കിൽ നടപ്പാക്കിയ അരി പദ്ധതിയുമൊക്കെ സൃഷ്ടിച്ച വാദ- പ്രതിവാദങ്ങൾ ഇത്തരുണത്തിൽ ഓർക്കുന്നത് നന്ന്.
തമിഴ്നാട്ടിൽ ലാപ്ടോപ്പും ടെലിവിഷനും സാരിയും വരെ സൗജന്യം നൽകുന്ന രാഷ്ട്രീയമാണ് കുറേക്കാലമായി. 'സർക്കാർ' എന്ന വിജയ് സിനിമ, സമീപകാലത്ത് ചോദ്യം ചെയ്തത് ഇതിന് പിന്നിലെ കുതന്ത്രങ്ങളെയായിരുന്നു. തമിഴ്നാട്ടിൽ ഈ സിനിമ, വലിയൊരു വിവാദത്തിന് തിരികൊളുത്തി.
കൗതുകകരമായ കാര്യം ചാരിറ്റിയുടെ രാഷ്ട്രീയം അത്രമേൽ പ്രാപ്യമല്ലാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ മാറ്റമാണ്. വർഗസമരമാണ് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. അവകാശപ്പോരാട്ടങ്ങളുടെ വഴിയേ നീങ്ങുന്ന അവരിൽ സമരോത്സുകതയാണ് പ്രകടമാകാറ്. ഭരണവും സമരവും എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചവർ. ഇന്നിപ്പോൾ മാറിയ പരിതസ്ഥിതിയെ അവരും കേരളത്തിൽ പുൽകുമ്പോൾ രാഷ്ട്രീയമാറ്റത്തിന്റെ ദിശാസൂചകമാകുന്നു അത്.
ആറായിരം രൂപയുടെ ന്യായ്
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ യു.ഡി.എഫിനേറ്റ തിരിച്ചടി സജീവചർച്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ ഇത് അവരിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനുമൊക്കെ ഇടതിന് ഗുണം ചെയ്തെന്ന വാദത്തെ പ്രത്യക്ഷത്തിൽ തള്ളുന്നെങ്കിലും അതിലും ചിലതൊക്കെ ഉണ്ടെന്ന് പരോക്ഷമായവർ സമ്മതിക്കുന്നുണ്ട്.
അതുകൊണ്ട് മാത്രമാണ്, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുന്നതിന് ഏറെ മുമ്പേ കരട് പ്രകടനപത്രികയിറക്കി, ന്യൂനതം ആയ് യോജന (ന്യായ്) പദ്ധതി അവർ മുന്നോട്ടുവച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ കുടുംബത്തിൽ ആറായിരം രൂപ പ്രതിമാസം ഉറപ്പുവരുത്തുന്ന പദ്ധതി. പ്രതിവർഷം 72,000രൂപ. സാമൂഹ്യരംഗത്ത് കൂടുതൽ മുതൽമുടക്കിയാലേ സാമ്പത്തിക അസമത്വം കുറയ്ക്കാനാകൂവെന്ന ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി മുന്നോട്ടുവച്ച ആശയത്തെ സ്വീകരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രഖ്യാപിച്ചതാണ് ന്യായ് പദ്ധതി. കൊവിഡ് കാലം രൂക്ഷമാക്കിയ കടക്കെണിയിലൂടെ സഞ്ചരിക്കുന്ന കേരളത്തിൽ ഇത് നടപ്പാക്കാനെവിടെ പണമെന്ന ചോദ്യമുയരാതില്ല. വോട്ട്ബാങ്കുകളെ നോക്കി കോൺഗ്രസുമിപ്പോൾ പറയുന്നു, മോർ ഗവണ്മെന്റ് എന്ന്. രാഹുൽഗാന്ധിയുടെ ആശയം ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ ഒരു പരിധിവരെ ആവിഷ്കരിച്ചിട്ടുണ്ട്. മറ്റ് കോൺഗ്രസ് സർക്കാരുകൾ ചെയ്തിട്ടില്ല.
ഐസകണോമിക്സ്
കേരളത്തിൽ പിണറായിയും തോമസ് ഐസകും മുന്നോട്ടുവയ്ക്കുന്നതും ന്യായ് പദ്ധതിയുടെ മറ്റൊരു രൂപാന്തരമാണെന്ന് കരുതിയാൽ തെറ്റാവില്ല. തൊഴിലില്ലായ്മ പ്രശ്നത്തിലുൾപ്പെടെ, കുറേക്കൂടി പ്രായോഗിക കാഴ്ചപ്പാട് കൊണ്ടുവരാൻ അവസാന ബഡ്ജറ്റിൽ ഐസക് ശ്രമിച്ചിട്ടുണ്ട്. ചാരിറ്റി ഇടപെടൽ സജീവമാക്കാനുള്ള തന്ത്രങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ?
1600രൂപ പെൻഷനും ഭക്ഷ്യക്കിറ്റും ഒരു വശത്തും ആറായിരം രൂപയുടെ ന്യായ് മറുവശത്തുമായുള്ള പോരാട്ടത്തിൽ ആര് വിജയിക്കും? ഐസക് തന്റെ പുതിയ ബഡ്ജറ്റ് പ്രസംഗത്തിന്റെ അവസാനം ഇടുക്കി കണ്ണംപടി സ്കൂളിലെ കെ.പി. അമലെന്ന വിദ്യാർത്ഥിയുടെ കവിത ഉദ്ധരിച്ചിട്ടുണ്ട്. "മെല്ലെയെൻ സ്വപ്നങ്ങൾക്ക്, ചിറകുകൾ മുളയ്ക്കട്ടെ, ഉയരട്ടെ അതിലൊരു മനോജ്ഞമാം, നവയുഗത്തിന്റെ പ്രഭാത ശംഖൊലി."
മുന്നണികളുടെ 'ചാരിറ്റി രാഷ്ട്രീയ അടവു'കളെ നോക്കി കേരളീയർ ഇങ്ങനെ പാടാനിടയുണ്ടോ?