തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റും നിയമസഭാ പ്രചാരണത്തിൽ ചർച്ചയാവുമെന്ന് ഉറപ്പ്. അതിന്റെ അടിസ്ഥാനത്തിൽ ബഡ്ജറ്റിൽ തലസ്ഥാനത്തിനുവേണ്ടി ഉൾക്കൊള്ളിച്ച പ്രഖ്യാപനങ്ങളെ വിലയിരുത്തുകയാണ് ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ

ബഡ്ജറ്റിലുള്ളത് പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രം: നെയ്യാറ്റിൻകര സനൽ

പൊള്ളയായ പ്രഖ്യാപനങ്ങളുടെ കൊട്ടിഘോഷമാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച അവസാന ബഡ്ജറ്റെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ. പുതിയ പദ്ധതികളൊന്നും തന്നെയില്ല. ആവർത്തനമാണ് ബഡ്ജറ്റിലെ ഹൈലൈറ്റ്. തലസ്ഥാനം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾക്ക് ക്രമീകരണം പോലുമില്ല. ഇവ എങ്ങനെ നടപ്പാക്കുമെന്നാണിവർ പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മത്രമാണ്. ഇതിനെ ജനം തള്ളിക്കളയും. കഴിഞ്ഞ തവണ തലസ്ഥാനത്തെ അവഗണിച്ചെന്ന ആക്ഷേപം ഒഴിവാക്കാനാണ് ഇത്തവണ സാങ്കൽപ്പിക പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ കൈകഴുകിയത്. ഭരണാനുമതി ലഭിച്ച പദ്ധതികളെപ്പോലും പുതിയ പദ്ധതികളായി അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് തികച്ചും നിരാശജനകമെന്നെ പറയാനുള്ളു.

തലസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നും ബഡ്ജറ്റിൽ ഇല്ല: വി.വി. രാജേഷ്

സംസ്ഥാന സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റിൽ തലസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. മാലിന്യഅടക്കുമുള്ള ഗുരുതര പ്രശ്നങ്ങൾ പരിഹാരം കാണാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള പദ്ധതികളുമില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവതരിപ്പിച്ച ബഡ്ജറ്റ് അമ്പേ നിരാശാജനകമാണ്. വലിയ പ്രഖ്യാപനങ്ങളുടെ ബഡ്ജറ്റ് ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

ബഡ്ജറ്റിലെ ഉയർന്ന പരിഗണന തലസ്ഥാനത്തെ ജനങ്ങൾക്കുള്ള അംഗീകാരം: ആനാവൂർ നാഗപ്പൻ

ബഡ്ജറ്റിൽ ജില്ലയ്ക്ക് നൽകിയ പരിഗണന നാളിതുവരെ ലഭിക്കാത്തതും, ജില്ലയിലൊട്ടാകെയുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും സംസ്ഥാനസർക്കാർ നൽകിയ അംഗീകാരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നഗപ്പൻ. അടുത്തകാലത്തൊന്നും അടിസ്ഥാന വികസനത്തിനായി ഇത്രയേറെ തുക നീക്കിവച്ചിട്ടില്ല. നാടിന്റെയും ജനതയുടെയും ആവശ്യങ്ങൾ ഓരോന്നും വിശദമായി വിലയിരുത്തി ഓരോവിഭാഗത്തിനും നൽകിയ പരിഗണന അഭിനന്ദനാർഹമാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ കൃത്യസമയത്ത് ഏറ്റെടുക്കുന്നതും ആരംഭംകുറിക്കുന്നതിനും പൂർത്തീകരിക്കുകയും ചെയ്യുന്നതുവരെ തുടർച്ചയായ വിശകലനവും ശ്രദ്ധയും ഉണ്ടാകും. മറിച്ചുള്ള ആരോപണങ്ങൾ സംഘടിത ശക്തികളുടേത്.