തിരുവനന്തപുരം: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊലീസ് നടപ്പാക്കുന്ന മൊബൈൽ ബീറ്റ് (എം.ബീറ്റ്) സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. എം.ബീറ്റിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അറിയിച്ചു.
ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മനസിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കും. ജനങ്ങളിൽ നിന്ന് നിർബന്ധപൂർവം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കില്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വേഗം കണ്ടെത്തുന്നതിനും വിവരശേഖരണം സഹായിക്കും. കേരളാ പൊലീസ് ആക്റ്റിലെ 64, 65 വകുപ്പുകൾ പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാ പദ്ധതി. ഈ സംവിധാനം പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തന്റെ പരിധിയിലുള്ള ഏതൊരു വിലാസവും ജി.പി.എസ് ലൊക്കേഷൻ ഉപയോഗിച്ച് കണ്ടുപിടിക്കാനും ആവശ്യമായ സേവനങ്ങളും സഹായങ്ങളും എത്തിക്കാനും കഴിയും.
കൊവിഡ് കാലത്ത് എം.ബീറ്റ് പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി സഹായിച്ചതും രോഗികളെ ആശുപത്രിയിലാക്കിയതും ജീവൻരക്ഷാമരുന്നുകൾ എത്തിച്ചതും 45ഓളം ഭവനരഹിതർക്ക് വീട് വച്ച് നൽകിയതും എം ബീറ്റ് പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.