ചിറയിൻകീഴ്: സുഹൃത്തുക്കളുമായെത്തി ചിറയിൻകീഴ് അഴൂർ കടവ് പാലത്തിനുതാഴെ കായലിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരണമടഞ്ഞു. വഴുതക്കാട് ഉദാര ശിരോമണി റോഡിൽ ടി.സി 15/784ൽ വിഘ്നേശ് ആകാശ് (27) ആണ് മരിച്ചത്. ഇന്നലെ വെളുപ്പിന് 1.15നാണ് സംഭവം. സുഹൃത്തുക്കളായ അഞ്ചംഗ സംഘം രാത്രികാല ഡ്രൈവിന് ഇറങ്ങിയതായിരുന്നു. സംഘത്തിലൊരാൾ ഇന്നലെ രാവിലെ ബംഗളൂരുവിൽ പോകാനിരുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഈ ഡ്രൈവ് സംഘടിപ്പിച്ചത്. ഇവിടെ ഈ സംഘം മുമ്പും വന്നിട്ടുണ്ട്. മൂന്നു പേർ കരയിൽ നിൽക്കുകയായിരുന്നു. വിഘ്നേശ് ആകാശും സുഹൃത്ത് വിജയ് ശങ്കറുമാണ് വെളളത്തിൽ ഇറങ്ങിത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഇരുവരും കയത്തിലാവുകയായിരുന്നു. നിലവിളി കേട്ട് ഓടി എത്തിയ മീൻപിടിത്തക്കാരിൽ ചിലർ വല എറിഞ്ഞുകൊടുത്ത് വിജയ് ശങ്കറെ രക്ഷിക്കുകയായിരുന്നു. രാത്രി ആയതിനാൽ കൂടുൽ തെരച്ചിൽ നടത്താൻ സാധിച്ചില്ല. തുടർന്ന് രാവിലെ ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ, കാണാതായതിന് സമീപത്ത് തെങ്ങിനടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം 10:30 ന് കണ്ടെത്തുകയായിരുന്നു.
എൻജിനിയറിംഗിനുശേഷം ഫിലിം മേക്കിംഗ് കോഴ്സ് പഠിക്കുകയാണ് വിഘ് നേശ് ആകാശ്. പരേതനായ ആകാശ് പിതാവാണ്. ഷീബ മാതാവ്. കാർത്തിക് സഹോദരൻ.