d

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിറുത്തിവച്ചിട്ട് ഒമ്പത് മാസം. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് ആശുപത്രിയിലെ ശസ്ത്രക്രിയകൾ നിറുത്തിവച്ചിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിച്ചില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. ശസ്ത്രക്രിയ ആവശ്യമായ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർമാരിപ്പോൾ. മസ്തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന് യൂറോളജി വിഭാഗം തലവനായ ഡോക്ടർ അറിയിച്ചതായും ആരോപണമുണ്ട്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ തുടങ്ങണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ളവർ നിർദ്ദേശിച്ചിട്ടും ഒരു അനക്കവുമില്ല. സാമ്പത്തിക ശേഷി കുറഞ്ഞ രോഗികളാണ് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കലിനായി ഊഴം കാത്തുനിൽക്കുന്നത്. പലരും നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതുതന്നെ. ഇവർക്ക് വൻ തുക മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുക എളുപ്പമല്ല. മറ്റ് ശസ്ത്രക്രിയകളൊക്കെ തുടരുമ്പോഴും വൃക്കരോഗികളെ മാത്രം അവഗണിക്കുന്നതിൽ പരാതിയുമായി നിരവധി രോഗികൾ ആശുപത്രി അധികൃതരെ സമീപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് സാഹചര്യത്തിൽ നിറുത്തിവച്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ പുനരാരംഭിക്കുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ആരെയും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നില്ലെന്നും രോഗികൾ ആവശ്യപ്പെട്ടാൽ മാത്രമാണ് ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാൻ അനുമതി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.