tr

വർക്കല: മലബാർ എക്‌സ്‌പ്രസ് ട്രെയിനിന്റെ ഹോൺ ഇടവിട്ട് മുഴക്കുന്നതുകേട്ടാണ് ഇടവക്കാരിൽ പലരും ഇന്നലെ പുലർച്ചെ വീടിന് പുറത്തിറങ്ങിയത്. പുക ശ്രദ്ധയിൽപ്പെട്ട ഉടൻ റെയിൽവേ ഗേറ്റിന് സമീപത്തെ ജംഗ്ഷനിൽ നിന്നവർ ഓടിയെത്തി. നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്നും മറ്റും വെള്ളം ശേഖരിച്ച് ഫയർഫോഴ്സിനൊപ്പം തന്നെ തീ കെടുത്താനുള്ള പ്രയത്നത്തിൽ പങ്കാളികളായി. പരവൂരിൽ നിന്നും വർക്കലയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ ശ്രമത്തിലൊടുവിലാണ് തീകെടുത്തിയത്. റെയിൽവേയിലെ വിവിധ വിഭാഗങ്ങളിൽ തിരുവനന്തപുരത്ത് ഡ്യൂട്ടിക്ക് ഹാജരാകേണ്ട ജീവനക്കാരും ട്രെയിനിൽ ഉണ്ടായിരുന്നു. ഇവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ട്രെയിനിലെ തീപിടിത്തത്തെക്കുറിച്ച് ഇടവയിലെ ഗേറ്റ്മാൻ സുഭാഷ് വർക്കല സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാറിനെ വിവരമറിയിച്ചു. തിരുവനന്തപുരത്ത്‌ നിന്നും കൊല്ലത്തേക്ക് പോകുന്ന ശബരി എക്‌സ്‌പ്രസ് വർക്കലയിലെത്തിയപ്പോഴാണ് സന്ദേശം പ്രസന്നകുമാറിന് ലഭിക്കുന്നത്. ഉടൻ തന്നെ സിഗ്നൽ സംവിധാനത്തിലൂടെ ട്രെയിൻ വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുനിറുത്തി. വർക്കല ഫയർസ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഹരിലാൽ, ഫയർമാൻമാരായ സാബു, പ്രതീഷ് കുമാർ, വി.എസ് .സുജിത്ത്, വിനോദ്, അംജിത്, പ്രിയരാഗ്, ശ്രീകുമാർ, ഹോംഗാർഡ് ടി.പി. ബിജു, പരവൂർ ഫയർ സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ഫയർമാന്മാരായ നദിർഷ, സജേഷ് കുമാർ, ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്

കാപ്പിൽ കിളിമുക്കം ഭാഗത്തുവച്ച്


വർക്കല: DL 2 കോച്ചിലെ യാത്രക്കാരനായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി സനോജാണ് മലബാർ എക്‌സ്‌പ്രസിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. അസഹനീമായ ഗന്ധവും കണ്ണിന് നീറ്റലും അനുഭവപ്പെട്ടതിനെത്തുടർന്ന് വാതിലിന് സമീപത്തെത്തി നോക്കുമ്പോഴാണ് എൻജിന് തൊട്ടുപിറകിലുള്ള ലഗേജ് വാനിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഉടൻതന്നെ കോച്ചിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരമറിയിക്കുകയും ചങ്ങല വലിച്ച് ട്രെയിൻ നിറുത്താൻ ശ്രമിക്കുകയും ചെയ്‌തു. അപ്പോഴേക്കും ലോക്കോ പൈലറ്റുമാർ സംഭവം അറിഞ്ഞു. തുടർന്ന് ഇടവ റെയിൽവേ സ്റ്റേഷനിൽ കയറുന്നതിനുമുമ്പ് ലെവൽ ക്രോസിന് അല്പം അകലെയായി ട്രെയിൻ നിറുത്തിയിടുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ സൈറ്റ് എൻജിനിയറായ സനോജ് ഒപ്പം ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ്. ഓട്ടോ ഡ്രൈവറായ കാപ്പിൽ കുഴിയത്ത് വീട്ടിൽ അജികുമാറും റെയിൽവേ എൻക്വയറിയെ വിവരം ധരിപ്പിച്ചു. കാപ്പിൽ കിളി മുക്കത്തുവച്ചാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അജികുമാറിനെ റെയിൽവേ എൻക്വയറി ഉദ്യോഗസ്ഥ പിന്നീട് മൊബൈൽ ഫോണിൽ അഭിനന്ദനം അറിയിച്ചു.