vaccination

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്‌ചയിൽ നാല് ദിവസം കൊവിഡ് വാ‌ക്‌സിൻ കുത്തിവയ്‌ക്കുന്നതിനുള്ള സംവിധാനങ്ങളായി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കുത്തിവയ്പ്പ്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാൽ ബുധനാഴ്‌ച ഒഴിവാക്കി.

ആദ്യ ദിവസം വാക്‌സിനേഷന് വിധേയരായ 8062 ആരോഗ്യ പ്രവർത്തകരിൽ ആരിലും പാ‌ർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ല.

നിലവിൽ 133 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതമാണ് വാക്‌സിനേഷൻ.

ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും വാക്സിനേഷൻ ആരംഭിക്കും. എറണാകുളത്ത് 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് കുത്തിവയ്‌പ്. ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്. രജിസ്റ്റർ ചെയ്ത ആളിന് എവിടെ, എപ്പോൾ വാക്‌സിനെടുക്കാൻ എത്തണമെന്ന് എസ്.എം.എസ്. ലഭിക്കും. എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിരീക്ഷണത്തിലിരിക്കണം.

അടുത്ത ഊഴം

നിലവിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ .തുടർന്ന്, കൊവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങൾ, പൊലീസുകാർ, കൊവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് നൽകും.

' വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ആദ്യദിനം വാ‌ക്സിനേഷന് വിധേയമായത്..'

- മന്ത്രി കെ..കെ.ശൈലജ