നെടുമങ്ങാട്: അധികൃതരുടെ കണ്ണുവെട്ടിച്ച് അമിതഭാരം കയറ്രിയെത്തുന്ന ലോറികൾ നഗരഹൃദയത്തിലെ ഇടറോഡുകൾ തകർക്കുന്നു. കാലപ്പഴക്കം ചെന്ന കലുങ്കുകളും ചെറുപാലങ്ങളും അമിതഭാരം താങ്ങാൻ കഴിയാതെ തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഒരാഴ്ചക്കിടെ നെടുമങ്ങാട് നഗരത്തിൽ ഇത്തരത്തിൽ തകർന്നത് മൂന്ന് റോഡുകളാണ്. റബർ തടികളും സിമന്റും കയറ്റിയെത്തുന്ന ഹെവി ഡ്യൂട്ടി ട്രക്കുകളാണ്
ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നികുതി വെട്ടിപ്പ് തടയാൻ മെയിൻ റോഡുകളിൽ ഉറക്കമിളച്ച് കാത്തു നിൽക്കുന്ന വാഹന പരിശോധന സംഘങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാനാണ് ബൈറൂട്ടുകളിലൂടെ ഇത്തരം വാഹനങ്ങൾ സർവീസ് നടത്തുന്നത്.
നിരവധി അപകടങ്ങൾക്കും ഇവ വഴിവയ്ക്കുന്നുണ്ട്. അമിതഭാരം കാരണം നിയന്ത്രണം നഷ്ടമാകുന്ന വാഹനങ്ങൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങളിലേറെയും. ബോഡിക്ക് കൃത്രിമമായി ഉയരം കൂട്ടിയാണ് ലോറികളിൽ കൂടുതൽ ഭാരം കയറ്റുന്നത്. ഇതാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണം. ചെറിയ വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള കൊല്ലങ്കാവ് - മേലാങ്കോട് റോഡിലെ പാലമാണ് ഇത്തരത്തിൽ തകർന്ന ഒന്ന്. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് റബർ തടി കയറ്റിയ വലിയ ലോറി കടത്തിവിട്ടതെന്ന് ആക്ഷേപമുണ്ട്. പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ ഉൾപ്രദേശങ്ങളിലുള്ള താമസക്കാർ വെട്ടിലായി. കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിലാണ് പാലം തകർന്നത്. ഏറെദൂരം ചുറ്റിത്തിരിഞ്ഞ് മറ്റ് റോഡുകൾ വഴിയാണ് പ്രദേശവാസികൾ നിലവിൽ സഞ്ചരിക്കുന്നത്.
നിയന്ത്രണങ്ങൾ പാളുന്നു
നഗരത്തിൽ ചെറുപാലങ്ങളുടെ ഭാഗമായുള്ള കലുങ്കുകൾ പലതും അമിതഭാരം താങ്ങാൻ ശേഷിയുള്ളവയല്ല. ടാറിന്റെ അംശം പോലും ഇല്ലാത്ത അവസ്ഥയിലാണ് പലതും. ഇടറോഡുകളിൽ പ്രവേശിക്കാവുന്ന ചരക്ക് വാഹനങ്ങളുടെ ഭാരം വ്യക്തമാക്കി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് മരാമത്ത് വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും ഇതും നടപ്പിലായിട്ടില്ല. കയറ്റിറക്കങ്ങളും വളവുകളും പാലങ്ങളും സൂചിപ്പിക്കുന്ന സിഗ്നലുകളും കാണാനില്ല. നിയമാനുസരണമുള്ള യാതൊരുവിധ മുന്നറിയിപ്പും ഇടറോഡുകളിൽ ഇല്ലെന്നതാണ് വസ്തുത.
കുറഞ്ഞ പിഴ 20,000
കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ഭേദഗതി പ്രകാരം അമിതഭാരം കയറ്റുന്ന ലോറിക്ക് കുറഞ്ഞ പിഴ 20,000 രൂപയാണ്. 28 ടൺ ഭാരം കയറ്റാവുന്ന ലോറിയിൽ 49 ടൺ കയറ്റിയതിന് 20,000 രൂപയ്ക്കു പുറമേ അധികമുള്ള ഓരോ ടണ്ണിനും രണ്ടായിരം രൂപവച്ച് തലസ്ഥാനത്ത് പിഴ ചുമത്തിയത് അടുത്തിടെ വാർത്തയായിരുന്നു. ആകെ 62,000 രൂപയാണ് അന്ന് പിഴയായി ഈടാക്കിയത്. ചെക്കുപോസ്റ്റുകളെ വെട്ടിച്ച് തമിഴ്‌നാട്ടിൽ നിന്ന് അമിത ഭാരവുമായി എത്തിയ ലോറികളാണ് പിടിയിലായത്. മുമ്പ് മിനിമം പിഴയായി 2,000 രൂപയും അമിതമായി കയറ്റിയ ലോഡിന് (ടണ്ണിന്) ആയിരം രൂപ വീതവും അടച്ചാൽ മതിയായിരുന്നു. അതുകൊണ്ടു മാത്രം നിയമലംഘനം തടയാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പിഴ ഇരട്ടിയാക്കിയത്.
തകർന്ന റോഡുകൾ
കൊല്ലങ്കാവ് - മേലാങ്കോട്
കൊടിപ്പുറം- ഭൂതത്താൻകാവ്
പഴകുറ്റി - പാറമുകൾ
''തഹസിൽദാരും ഡിവൈ.എസ്.പിയും ഉൾപ്പടെയുള്ള ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി ഉടൻ ചേരും. അമിതഭാരം കയറ്റിയ ലോറികൾ ഇടറോഡുകൾ കൈയ്യടക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും"
പി.ഹരികേശൻ നായർ (നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)