രമേശ് ചെന്നിത്തലയുടെ തുറന്നു പറച്ചിലടങ്ങിയ പുസ്തകം ഉടനിറങ്ങും
തിരുവനന്തപുരം: എം.പി. ഗംഗാധരൻ രാജി വച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് തന്നെ മന്ത്രിയാക്കാൻ 1985ൽ ലീഡർ കെ. കരുണാകരൻ തീരുമാനിച്ചപ്പോൾ, മറുവാക്ക് പറയാൻ ധൈര്യമില്ലാഞ്ഞിട്ട് പോലും ലീഡറോട് രണ്ടു വട്ടം കാർത്തികേയനാണ് മന്ത്രിപദം കൊടുക്കേണ്ടതെന്ന് താൻ പറഞ്ഞതായി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
കാർത്തികേയനെ മറികടന്ന് മന്ത്രിയാകാൻ ഒരു കരുനീക്കവും താൻ നടത്തിയില്ലെന്നും, ചെന്നിത്തലയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി സന്തോഷ് ജെ.കെ.വി രചിച്ച രമേശ് ചെന്നിത്തല- പിന്നിട്ട വഴികൾ എന്ന പുസ്തകത്തിൽ രമേശ് തുറന്ന് പറയുന്നു. പുസ്തകം ഉടൻ പ്രകാശനം ചെയ്യും.
വിവാഹത്തിന് ശേഷം ഹണിമൂണിന് സിംലയിലേക്ക് പോയപ്പോഴാണ് സംസ്ഥാനത്തേക്ക് വരാൻ ഫോൺ വന്നത്. മന്ത്രി ഗംഗാധരന്റെ രാജി മൂലമുള്ള ഒഴിവ് . ലീഡറുടെ വസതിയിലേക്ക് ചെല്ലുമ്പോൾ കാർത്തികേയനുമുണ്ടായിരുന്നു. കാർത്തികേയനായിരിക്കും മന്ത്രിയെന്നായിരുന്നു തന്റെ ധാരണ. ആവണമെന്നായിരുന്നു ആഗ്രഹവും. ഇരുവരും നിൽക്കുമ്പോൾ ലീഡർ പറഞ്ഞത് എന്റെ പേര്. അപ്രതീക്ഷിതമായ ആ പ്രഖ്യാപനത്തിൽ ഞാനും കാർത്തികേയനും ഞെട്ടി. കാർത്തികേയനെ മറികടന്ന് മന്ത്രിയാകാൻ ഒരു കരുനീക്കവും നടത്തിയതല്ല. ലീഡർ തീരുമാനം പ്രഖ്യാപിക്കുമ്പോൾ മറുവാക്ക് പറയാൻ ധൈര്യമില്ലാഞ്ഞിട്ടും, കാർത്തികേയനാണ് കൊടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. രണ്ടാം വട്ടം അത് പറയുമ്പോൾ കാർത്തികേയൻ എന്റെ കാലിൽ ചവിട്ടി, ചെവിയിൽ പറഞ്ഞു: മിണ്ടാതിരിക്കെടാ. അപ്പോഴാണ് ലീഡറോടാണല്ലോ മറുവാക്ക് പറയുന്നതെന്ന ബോധം എനിക്കുണ്ടാവുന്നത്. അക്കാലത്ത് ലീഡറുടെ തീരുമാനങ്ങളോട് ആരും തറുതല പറയാറുണ്ടായിരുന്നില്ല. അദ്ദേഹത്തിനത് ഇഷ്ടവുമായിരുന്നില്ല. അദ്ദേഹത്തിന്റെയടുത്ത് അത് വിലപ്പോവുകയുമില്ല. മറുവാക്ക് പറയാറായോ എന്ന ഭാവത്തിൽ അദ്ദേഹം നോക്കുമോയെന്ന് ഒരു നിമിഷം ഭയപ്പെട്ടു. പക്ഷേ, തനിക്കു വേണ്ട, കാർത്തികേയന് കൊടുക്കണമെന്ന് പറഞ്ഞതുകൊണ്ടാവണം, അദ്ദേഹം തികഞ്ഞ വാത്സല്യത്തോടും സൗമ്യതയോടുമാണ് മറുപടി പറഞ്ഞത്.
"കാർത്തികേയന്റെ പ്രസ്താവനകളാണ് ഗംഗാധരനെ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയത്". അതു പറഞ്ഞിട്ട് നിങ്ങൾ കുട്ടികൾ ആവശ്യത്തിൽ കൂടുതൽ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നുവെന്ന മട്ടിൽ ശകാരഭാഷ്യത്തിൽ കനപ്പിച്ചുനോക്കി പറഞ്ഞു."അതുകൊണ്ട് ആ ഒഴിവിലേക്ക് കാർത്തികേയൻ മന്ത്രിയാകുന്നത് ഭംഗിക്കുറവാണ്." മന്ത്രിയാകുന്നത് സന്തോഷം. ചരിത്രം കുറിച്ച് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാകുന്നത് അതിലും സന്തോഷം. പക്ഷേ, ജി. കാർത്തികേയനെന്ന എന്റെ ജ്യേഷ്ഠ സഹോദരന് അത് ലഭിക്കാതെ പോയതിന്റെ ദു:ഖം ഹൃദയത്തിൽ ഒരു ഭാരമായുണ്ടായിരുന്നു- രമേശ് ഓർക്കുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് കാർത്തികേയനെ മാറ്റി തന്നെ നിയമിക്കാനുള്ള തീരുമാനം ഡൽഹിയിലെ രമേശിന്റെ വിവാഹവിരുന്ന് വേദിയിൽ രാജീവ് ഗാന്ധി അറിയിക്കുന്നതും, അപ്പോൾ തന്നെ കാർത്തികേയന്, പകരം കെ.പി.സി.സി ജനറൽസെക്രട്ടറി പദവി നൽകാൻ രമേശ് നിർദ്ദേശിച്ചതും നിയമസഭാംഗമായിരിക്കെ കോട്ടയത്ത് പാർലമെന്റിലേക്ക് മത്സരിക്കാൻ രാജീവ്ഗാന്ധി നേരിട്ടാവശ്യപ്പെട്ടതും നരസിംഹറാവുവിൽ നിന്നുണ്ടായ അവഗണനയുമെല്ലാം പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.