കല്ലമ്പലം: വഞ്ചിയൂർ, പട്ട്ള, പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിവന്ന യുവാവിനെ നഗരൂർ പൊലീസ് പിടികൂടി. കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം തോട്ടിൻകരവീട്ടിൽ ഗോപകുമാറാണ് (37) ഒരു വർഷത്തിന് ശേഷം പിടിയിലായത്.
പോത്തൻകോട് ആണ്ടൂർക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നഗ്നതാപ്രദർശനം നടത്തിയശേഷം ഹെൽമറ്റ് ധരിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി. പരാതി വ്യാപകമായതോടെ പൊലീസ് നാട്ടുകാരുമായി ചേർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.
പരിസരത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാളുടെ സ്കൂട്ടറിന്റെ വിവരം ലഭിക്കുകയും മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ വാഹനം കണ്ടെത്തുകയുമായിരുന്നു. എന്നാൽ വാഹനത്തിന്റെ ഉടമ വിദേശത്താണ്. ഇയാളുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്താണ് വാഹനം ഉപയോഗിക്കുന്നതെന്ന് മനസിലായി.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ വഞ്ചിയൂർ പുതിയതടത്തുള്ള വീടും വസ്തുവും മൂന്നു വർഷത്തിന് മുൻപ് വിറ്റതിനാൽ കണ്ടെത്താൻ സാധിച്ചില്ല. തുടരന്വേഷണത്തിൽ പ്രതി വെമ്പായം, പോത്തൻകോട് ഭാഗങ്ങളിൽ താമസിക്കുന്നതായി മനസിലായി. പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ ഇയാൾ വാഹനം മറ്റൊരാൾക്ക് മറിച്ചുവിറ്റിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരൂർ സബ് ഇൻസ്പെക്ടർ എം. സാഹിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഗോപകുമാറിനെ തന്ത്രപരമായി പിടികൂടിയത്.
ഇയാൾ മുൻപും സമാന കേസിന് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വനിതാസീനിയർ സിവിൽ പൊലീസ് ഓഫീസർ റീജ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, പ്രജീഷ്, സംജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.