malabar-express

തിരുവനന്തപുരം / വർക്കല: കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മലബാർ എക്സ്പ്രസ്സിന്റെ പാഴ്സൽ ബോഗിയിൽ തീപിടിച്ചു. തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാൽ വൻദുരന്തം ഒഴിവായി.സംഭവവുമായി ബന്ധപ്പെട്ട് ഒരുദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു. ഉന്നതതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. തിരുവനന്തപുരത്തിന് 40കിലോമീറ്റർ അകലെ വർക്കലയ്ക്കും പരവൂരിനുമിടിയിൽ ഇടവ ലെവൽക്രോസിൽ വച്ചാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ട്രെയിൻ നിറുത്തിയിട്ട് യാത്രക്കാരെ പുറത്തിറക്കിയ ശേഷം റെയിൽവേ ജീവനക്കാരും വർക്കല,പരവൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തീയണച്ചു. രാവിലെ 7.35നായിരുന്നു സംഭവം. ട്രെയിനിൽ 220 യാത്രക്കാരുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സ്യൽ സൂപ്പർവൈസറെയാണ് സസ്പെൻഡ് ചെയ്തത്. തീപിടിച്ച ട്രെയിൻ എസ്. എൽ. ആർ. ബോഗി തിരുവനന്തപുരം സിറ്റി റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് കൊല്ലം, തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ സർവീസ് രണ്ടു മണിക്കൂറോളം വൈകി.

എൻജിന് തൊട്ടുപിന്നിലെ പാഴ്സൽ വാനിലാണ് അഗ്നിബാധയുണ്ടായത്. രണ്ട് ബൈക്കുകൾ മാത്രമാണിതിലുണ്ടായിരുന്നത്. ഇത് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള പാഴ്സലായിരുന്നു. ഇതിലെ ഇന്ധനം നീക്കം ചെയ്ത ശേഷമാണ് ട്രെയിനിൽ കയറ്റേണ്ടത്. അതുറപ്പാക്കാതിരുന്ന വീഴ്ചയ്ക്കാണ് കൊമേഴ്സ്യൽ സൂപ്പർ വൈസറെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായ രണ്ട് പൊലീസുകാരുടേതാണ് ബൈക്കുകളെന്നാണ് വിവരം. ൾ ട്രെയിനിന്റെ കുലുക്കത്തിൽ നിരങ്ങിവീണുണ്ടായ ഉരസലിൽ തീപാളിയെന്നും അത് ബൈക്കിലെ പെട്രോൾ കത്താനിടയാക്കിയെന്നുമാണ് പ്രാഥമിക നിഗമനം.

അപകടം ഒഴിവായത് തലനാരിഴയ്ക്ക്

220 യാത്രക്കാരുണ്ടായിരുന്ന ട്രെയിനിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇലക്ട്രിക് ട്രെയിനായതിനാൽ തീയുടെ വ്യാപ്തിയും കൂടുതലാവും. അപകടം അറിഞ്ഞയുടനെ വർക്കല സ്റ്റേഷനിൽ നിന്ന് കൺട്രോൾ റൂമിലേക്ക് സന്ദേശമയച്ച് ഇലക്ട്രിക് ലൈൻ സർക്യൂട്ട് നിറുത്തിവച്ചു.ഇതോടെ കൊല്ലത്തിനും വർക്കലയ്ക്കുമിടയിൽ ഒാടിക്കൊണ്ടിരുന്ന ട്രെയിനുകളെല്ലാം നിന്നു. വർക്കലയിൽ നിന്ന്കൊല്ലം ഭാഗത്തേക്ക് പുറപ്പെടാനിരുന്ന ശബരി എക്സ്പ്രസ് നിറുത്തിയിട്ടു.

തീപിടിച്ചത് ബോഗിയിലെ ബൈക്കുകളിൽ നിന്ന്

ട്രെയിനിലെ എൻജിന് തൊട്ടുപിന്നിലെ ലഗേജ് കം ബ്രേക്ക് വാൻ എന്ന എസ്. എൽ.ആർ കമ്പാർട്ട്മെന്റിലാണ് തീപിടിച്ചത്. ഇതിൽ രണ്ട് ബൈക്കുകളിലാണ് ആദ്യം തീ പിടിച്ചത്. പരവൂർ സ്റ്റേഷൻ വിട്ടതോടെ തീയുടെ വ്യാപ്തികൂടി. ഇതോടെ ട്രെയിനിന് പുറത്തേക്ക് തീയും പുകയും വ്യാപിച്ചു. ഇതാണ് യാത്രക്കാരിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാകാനും തീപിടിച്ചിട്ടുണ്ടെന്ന് അറിയാനും സഹായകമായത്. ഇടവയിലെ ഗേറ്റ് കീപ്പർ സുഭാഷാണ് വർക്കലയിലെ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാറിനെ വിവരം അറിയിച്ചത്. ഇടവ ലെവൽക്രോസിൽ നിറുത്തിയ ട്രെയിനിൽ നിന്ന് ആദ്യം യാത്രക്കാരെ പൂർണ്ണമായി ഇറക്കി. ലോക്കോ പൈലറ്റ് ജി. തോമസും ഗാർഡ് കെ.എസ്. സുനിൽകുമാറും ഫയർ എക്സിക്യൂഷർ ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പരവൂരും വർക്കലയിലും നിന്ന് ഫയർ എൻജിനുകളെത്തി തീയണച്ചു. പിന്നീട് 9.10ന് ട്രെയിൻ വർക്കലയിലെത്തിച്ചു. അവിടെ വച്ച് റെയിൽവേ സേഫ്റ്റി,മെക്കാനിക്കൽ,ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷം 9.45ന് ,കത്തിയ വാൻ ഉൾപ്പെടെയുള്ള ബോഗികൾ തിരുവനന്തപുരത്തെത്തിച്ചു. തീപിടിച്ച വാൻ അഴിച്ചുമാറ്റി സീൽ ചെയ്തു.